കണ്ണൂർ: കണ്ണൂർ, ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറയിൽ കണ്ടെത്തിയത് മൃതദേഹമെന്ന് സംശയം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സെമിത്തേരിയിൽ ഒരു കല്ലറയിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ല. സംഭവം ശ്രദ്ധയിൽ പെട്ടയുടൻ പൊലീസിനെ അറിയിച്ചെങ്കിലും മതിയായ നടപടി സ്വീകരിച്ചില്ലെന്നും അട്ടിമറി സംശയിക്കുന്നുണ്ടെന്നും ഇടവകാംഗം ജിൽസി ഉണ്ണിമക്കൽ പ്രതികരിച്ചു.
പള്ളിയോട് ചേർന്നുള്ള പൊതുസെമിത്തേരിയിലെ കല്ലറകളിലൊന്നിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന നാട്ടുകാർ പറയുന്നു. കഴിഞ്ഞ 13ന് മരണപ്പെട്ടയാളെ ഇവിടെ അടക്കം ചെയ്യുന്നതിനായി സ്ലാബ് നീക്കം ചെയ്തപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളിലൊന്ന് പെട്ടിയിലും മറ്റൊന്ന് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലാണ്. എന്നാൽ, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം തന്നെയാണോയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇത് അസ്വാഭാവികമായ കാഴ്ചയാണെന്നും പുറത്ത് നിന്നാരെങ്കിലും കൊലപാതകം നടത്തി ഇവിടെ കൊണ്ടുവന്ന് അടക്കം ചെയ്തതാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാരിൽ ചിലർ ആരോപിച്ചു. രണ്ട് മൃതദേഹം കണ്ടെത്തിയെന്ന സംശയത്തിന് പിന്നാലെ 14ന് പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തി പരിശോധന നടത്താൻ കരിക്കോട്ടുപുര പൊലീസ് തയ്യാറായില്ല. പിന്നീട്, വിശ്വാസികളും നാട്ടുകാരും സമൂഹമാധ്യമങ്ങളിലൂടെ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയതോടെയാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. ക്രിസ്ത്യൻ സമുദായത്തിനകത്തെ ഒരു സെമിത്തേരിയിലും ഇത്തരമൊരു രീതിയില്ലെന്നും അറിഞ്ഞവർ പുറത്ത് പറയാതെ മറച്ചുവെച്ചെന്നും ഇടവകാംഗം ജിൽസ് ഉണ്ണിമക്കൽ പ്രതികരിച്ചു.
ആറ് ദിവസം മുമ്പ് മരണപ്പെട്ട ഒരു വ്യക്തിയെ അടക്കം ചെയ്യാനായി കല്ലറ തുറന്നിരുന്നു. അപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം പോലുള്ള വസ്തു കണ്ടെത്തിയത്. ക്രിസ്ത്യൻ സമുദായത്തിനകത്ത് ഇത്തരമൊരു രീതിയില്ല. പായയിൽ പൊതിഞ്ഞ രീതിയിൽ സംശയിക്കുന്ന വസ്തുവിനെ ചൊല്ലിയുള്ള പരാതി അറിയിച്ചെങ്കിലും പൊലീസ് ഇടപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ അറിയിച്ചെങ്കിലും അന്ന് വികാരിയില്ലാത്തതിനാൽ കല്ലറ തുറന്നില്ലെന്നും സംഭവത്തിൽ അട്ടിമറി സാധ്യത സംശയിക്കുന്നുണ്ടെന്നും ജിൽസ് ഉണ്ണിമക്കൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.