അശ്വിനി പോൾ
ഗാർഹിക പീഡനം; മുന്‍ ഗുസ്തി താരം ജീവനൊടുക്കി
ഛത്രപതി സംഭാജിനഗർ: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാതെ ഗുസ്തി താരം ജീവനൊടുക്കി. തന്റെ മൂന്ന് മക്കളുമായി മുൻ ദേശീയതല ഗുസ്തി താരം അശ്വിനി പോളാണ് (30) നൽഗുർഗ് കോട്ടയിൽ നിന്ന് ചാടിയത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ നടന്ന ദാരുണ സംഭവത്തിൽ അശ്വിനിയും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അശ്വിനിയുടെ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീ പീഡനത്തിനും പൊലീസ് കേസെടുത്തു.
അശ്വിനിയുടെ പിതാവ് തനാജി ശിവാജി മോഹിതെ (54) നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഉമർഗ താലൂക്കിലെ വ്ഹന്താൽ സ്വദേശിയും അധ്യാപകനുമാണ് തനാജി. ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ അശ്വിനിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. വീട്ടുകാർ സ്ത്രീധനമായി ഒന്നും നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പീഡനം.
കുട്ടികൾ പിറന്നതിനു ശേഷവും അശ്വിനി മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ഇരട്ടകളിലൊരാളാണ് മരിച്ചത്. സ്വർണവും ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പണവും മാതാപിതാക്കളിൽനിന്ന് വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും സമ്മർദം ചെലുത്തിയിരുന്നതായി പൊലീസ് പറയുന്നു. പീഡനം സഹിക്കാനാകാതെയാണ് മൂന്ന് മക്കളുമായി അശ്വിനി നൽദുർഗ് കോട്ടയിൽനിന്ന് ചാടിയതെന്നാണ് വിവരം.
മറാഠ്‌വാഡ സ്വദേശിയായ അശ്വിനി സംസ്ഥാന, ദേശീയതല ഗുസ്തി മത്സരങ്ങളിൽ അഞ്ച് സ്വർണമെഡലുകളും ആറ് വെള്ളിമെഡലുകളും നേടിയിട്ടുണ്ട്. മികച്ച ഭാവിയുണ്ടായിരുന്ന ഗുസ്തി താരമായിരുന്നു അശ്വിനിയെന്നും നിരവധി മെഡലുകൾ നേടിയിട്ടുണ്ടെന്നും മുൻ ഗുസ്തി താരവും പരിശീലകനും അന്താരാഷ്ട്ര റഫറിയുമായ ദിനേഷ് ഗുണ്ട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.