എൻ.കെ. കൃപ
കൈക്കൂലി കേസിൽ ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കലക്ടർ അറസ്റ്റിൽ
കൊച്ചി: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ട. ഡെപ്യൂട്ടി കലക്ടറെ ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) ആണ് പിടിയിലായത്.
കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകാൻ സഹായം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. എറണാകുളം കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായി പ്രവർത്തിച്ച എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെ എറണാകുളം വിജിലൻസ് യൂനിറ്റ് ദിവസങ്ങൾക്കു മുമ്പ് പിടികൂടിയിരുന്നു.
തുടർ അന്വേഷണത്തിലാണ് വിരമിച്ച ഡെപ്യൂട്ടി കലക്ടറായ കൃപ എൻ.കെ. കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയായിരുന്നു വില്‍പനക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണിയുടെ സഹായി തന്നെയാണ് പരാതി നല്‍കിയത്.
പ്രശ്നപരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്.
താലൂക്ക് ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരും ഇടപാടിന്റെ ഭാഗമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മുന്‍ ഡെപ്യൂട്ടി കലക്ടര്‍ കൈക്കൂലി വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.