ഒമ്പത് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന് ആൺ സുഹൃത്തിന് ബൈക്ക് സമ്മാനിച്ച 19കാരി അറസ്റ്റില്‍; ഇൻസ്റ്റാഗ്രാം റീൽസ് വിനയായി

ചെന്നൈ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ വെറും 19 വയസ്സ് മാത്രം പ്രായമുള്ള കോളേജ് വിദ്യാർഥിനി അച്ഛന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്നതിന് അറസ്റ്റിലായി. ആ പണം ഉപയോഗിച്ച് പെൺകുട്ടി തന്റെ ആൺ സുഹൃത്തിന് വിലകൂടിയ ബൈക്ക് വാങ്ങിനൽകുകയും ചെയ്തു. എന്നാല്‍ ഷോറൂമില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ബൈക്ക് ഏറ്റുവാങ്ങുന്നതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ റീല്‍സായി പങ്കുവെച്ചതാണ് ഇവരുടെ കുറ്റകൃത്യം പുറത്തുകൊണ്ടുവരാന്‍ കാരണമായത്.

പൊള്ളാച്ചി സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാർഥിനിയായ ആര്‍. ജോയ് പ്രിന്‍സിയാണ് ഈ കൃത്യത്തിന് പിന്നില്‍. പൊള്ളാച്ചിക്ക് അടുത്തുള്ള ഉഞ്ചവേലമ്പട്ടിയിലെ എച്ച്. തമിഴ്‌സെല്‍വന്‍ എന്നയാളുടെ വീട്ടിലാണ് ഈ മോഷണം അരങ്ങേറിയത്. പ്രിന്‍സിയുടെ അച്ഛന്റെ നല്ലൊരു സുഹൃത്താണ് തമിഴ്‌സെല്‍വന്‍. ഇയാളുടെ മകളുമായി സൗഹൃദത്തിലായിരുന്ന പ്രിന്‍സി ആഗസ്റ്റ് 16-നാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്. ഈ സൗഹൃദത്തിന്റെ മറവില്‍ വീട്ടില്‍ എത്തിയ പ്രിന്‍സി തക്കം നോക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിഞ്ഞ തമിഴ്‌സെല്‍വന്‍ ഉടന്‍ തന്നെ പൊള്ളാച്ചി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണം പൊള്ളാച്ചിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയാണ് പ്രിന്‍സി പണം കണ്ടെത്തിയത്. ഇതിലൂടെ ലഭിച്ച രണ്ടര ലക്ഷത്തോളം രൂപ ഉപയോഗിച്ച് മക്കിനാംപെട്ടി സ്വദേശിയായ ഇരുപതുകാരന്‍ ജനാഗൻ ശിവ എന്ന കാമുകനാണ് പുതിയൊരു ബൈക്ക് വാങ്ങിനൽകിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഷോറൂമില്‍ വെച്ച് ബൈക്ക് ഏറ്റുവാങ്ങുന്നതിന്റെയും മാലയിട്ട് ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം റീല്‍സായി പങ്കുവെച്ചു. ഈ വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്.

തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രിന്‍സി കുറ്റം സമ്മതിച്ചു. പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ കാമുകന്‍ ജനാഗൻ ശിവക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - 19 year old arrested for stealing gold to gift bike to her boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.