ഭൂമിതർക്കത്തിനിടെ വൃദ്ധനായ കർഷകനെ തല്ലിച്ചതച്ചശേഷം ട്രാക്ടർ കയറ്റി കൊന്നു; സ്ത്രീകളടക്കം എട്ടുപേർ പിടിയിൽ

ഛത്തീസ്ഗഡ്: സുർഗുജ ജില്ലയിൽ ഭൂമി തർക്കത്തെത്തുടർന്ന് 60-കാരനായ കർഷകനെ ക്രൂരമായി കൊലപ്പെടുത്തി. പത്രൈ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ഈ ദാരുണ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പ്രതികളെ സുർഗുജ പൊലീസ് അറസ്റ്റ് ചെയ്തു. സിൽമ ഗ്രാമവാസിയായ ഹോസ്‌റാം പൈക്ര എന്ന കർഷകനാണ് സ്വന്തം ബന്ധുക്കളുടെ ക്രൂരതക്ക് ഇരയായി കൃഷിയിടത്തിൽ വെച്ച് തന്നെ ജീവൻ വെടിഞ്ഞത്. ഈ കൊലപാതകത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ ഇയാളുടെ ബന്ധുവായ ബജ്‌രംഗ് പൈക്ര എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടികളില്ലാത്ത കാമേശ്വരി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ആറേക്കറോളം വരുന്ന കൃഷിഭൂമിയെച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഹോസ്‌റാമിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായിരുന്നു കാമേശ്വരി. തന്റെ അവസാനകാലത്ത് സംരക്ഷിച്ച ഹോസ്‌റാമിന് അനുകൂലമായി ഇവർ ഈ ഭൂമി ഒസ്യത്ത് എഴുതിവെച്ചിരുന്നു. എന്നാൽ ബജ്‌രംഗിന്റെ കുടുംബവും ഈ സ്വത്തിൽ അവകാശം ഉന്നയിച്ചതോടെ പ്രശ്നം കോടതിയിലെത്തി. റവന്യൂ കോടതി ആദ്യം ഹോസ്‌റാമിന് അനുകൂലമായി വിധി പുറപ്പെടുവിച്ചെങ്കിലും പിന്നീട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ബജ്‌രംഗിന്റെ കുടുംബത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ഈ പുതിയ കോടതി വിധി ഇരു കുടുംബങ്ങളും തമ്മിലുള്ള ശത്രുത കൂട്ടി.

ഞായറാഴ്ച രാവിലെ ബജ്‌രംഗും കുടുംബവും തർക്കഭൂമിയിൽ ട്രാക്ടറുമായി ഉഴുതുമറിക്കാൻ എത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. വിവരമറിഞ്ഞ് ബന്ധുക്കൾക്കൊപ്പം സ്ഥലത്തെത്തിയ ഹോസ്‌റാം ഈ പ്രവൃത്തി തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ വാക്കേറ്റം കടുത്ത കൈയേറ്റത്തിലേക്ക് മാറുകയായിരുന്നു. പ്രതികൾ വടികളുമായി ഹോസ്‌റാമിനെ ക്രൂരമായി മർദ്ദിക്കുകയും, അടി കൊണ്ട് ഇയാൾ നിലത്തു വീണപ്പോൾ ഉമേഷ് എന്നയാൾ ഓടിച്ചിരുന്ന ട്രാക്ടർ ഇയാളുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയുമായിരുന്നു. ട്രാക്ടറിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട് ശരീരം തകർന്ന ഹോസ്‌റാം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ട്രാക്ടർ ഓടിച്ച ഉമേഷ്, ബജ്‌രംഗ്, ഭുവനേശ്വർ, മനോജ്, രഘുനന്ദൻ, ബോധൻ എന്നിവർക്കൊപ്പം കംലി, പ്യാരി എന്നീ രണ്ട് സ്ത്രീകളെയും പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച ട്രാക്ടർ കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും സീതാപൂർ എസ്.ഡി.പി.ഒ രാജേന്ദ്ര മാണ്ഡവി അറിയിച്ചു.

Tags:    
News Summary - Elderly farmer beaten to death with tractor over land dispute; Eight people, including women, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.