ലൈല ബീവി, അരുൺ
പറവൂർ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്ന് കളമശ്ശേരി ഞാലകം മൂലപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി ഭർത്താവ് യു.സി. കോളജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാം പ്രതി മാതാവ് ലൈല ബീവി (72) എന്നിവരെ പറവൂർ രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കഠിനതടവിന് ശിക്ഷിച്ചു. അജുവിന് എട്ടും, ലൈല ബീവിക്ക് രണ്ട് വർഷവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. മൂന്നാം പ്രതിയും അജുവിന്റെ പിതാവുമായ അബ്ദുറഹിമാനെ കുറ്റക്കാരനല്ല എന്ന കാരണത്താൽ കോടതി വെറുതെ വിട്ടു.
2018 സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം. 2014ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്.101 പവൻ സ്വർണാഭരണങ്ങൾ സുനിതക്ക് മാതാപിതാക്കൾ നൽകിയിരുന്നു. കൂടുതൽ പണവും സ്വർണവും സ്വത്തും സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് അജുവും മാതാപിതാക്കളും സുനിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സുനിതയുടെ മാതാപിതാക്കൾ കളമശ്ശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും പറമ്പും സുനിതയുടെ പേർക്ക് നൽകി.എന്നിട്ടും തൃപ്തരാകാതെ പല തരത്തിലുമുള്ള പീഡനങ്ങൾ ഭർതൃവീട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായതിനെ തുടർന്നാണ് സുനിത ആത്മഹത്യ ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പാലക്കാടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ 29 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 90 രേഖകളും മൂന്ന് തൊണ്ടികളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കളമശ്ശേരി പൊലീസും എറണാകുളം സിറ്റി പൊലീസ് കമീഷണറും അന്വേഷിച്ച കേസ് സുനിതയുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം ക്രൈം ബ്രാഞ്ചിന് പിന്നീട് കൈമാറി.ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ബിജി ജോർജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ബി. ഷാജി, എസ്. രാഖി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.