നഖം പിഴുതെടുത്തു, നായ്ക്കളെ കൊണ്ട് കടിപ്പിച്ചു കൊന്നു; യു.പിയിൽ ദളിത് യുവാവിനു നേരെ കൊടും ക്രൂരത
കാൺപുർ: ദളിത് യുവാവിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. യുവാവിെൻറ കാൽവിരലിലെ നഖങ്ങൾ പിഴുതെടുക്കുകയും നായ്ക്കളെ കൊണ്ട് കടിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഈ കൊടും ക്രൂരത. കുറഞ്ഞ വേതനം മൂലം ജോലി ഉപേക്ഷിച്ചതാണ് ഈ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്ന് പറയുന്നു.
കാൺപുരിലെ പ്രതിഷ്‌ഠ് ഗസ്റ്റ് ഹൗസിലെ മുൻ ജീവനക്കാരൻ ബിട്ടുവാണ് കൊല്ലപ്പെട്ടത്. തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ഗസ്റ്റ്‌ഹൗസ് ഉടമയുടെ മകൻ ബിട്ടുവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, ബിട്ടു അടുത്തുള്ള ആശുപത്രിയിലെ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിൽ പ്രകോപിതരായാണ് ഗസ്റ്റ്‌ഹൗസ് മാനേജരുടെ നേതൃത്വത്തിൽ ഇയാളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികളും ബന്ധുക്കളും പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ പ്രധാന പ്രതിയടക്കം നാലുപേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ക്രൂരതക്ക് വിധേയനായി അവശനായ ബിട്ടുവിനെ രാത്രിയിൽ അദ്ദേഹത്തിെൻറ വീടിന് സമീപം ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു. ബന്ധുക്കൾ കാൺപുരിലെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.