ബംഗളൂരു: ഈസ്റ്റ് ബംഗളൂരുവിലെ കസ്തൂരിനഗർ മെയിൻ റോഡിൽ പേയിങ് ഗസ്റ്റ് (പി.ജി) താമസം നടത്തുന്ന 37 കാരനായ മാധവ് മെത്‌ലിയാണ് രണ്ട് കോളജ് വിദ്യാർഥികളുടെ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6:30 ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കേസിൽ ഡിഗ്രി വിദ്യാർഥികളായ രാകേഷ് (21), ഡോൺ ബ്രൈറ്റ്‌സൺ (20) എന്നിവരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളായ ഈ രണ്ടു യുവാക്കളും സുഹൃത്തുക്കളാണെങ്കിലും ഇതേ പ്രദേശത്തെ മറ്റ് രണ്ട് വ്യത്യസ്ത പി.ജികളിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം വൈകുന്നേരം മാധവിന്റെ പി.ജി പരിസരത്തേക്ക് അതിക്രമിച്ചു കയറിയ ഇവർ അവിടെയുണ്ടായിരുന്ന പൊതുവായ പൈപ്പിൽ വെച്ച് കാല് കഴുകാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട പി.ജി ഉടമ മാധവ്, പുറത്തുനിന്നുള്ളവർ ഇവിടെ വന്ന് വെള്ളം ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയും അവരോട് അവിടെനിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ മാധവിനോട് തട്ടിക്കയറാൻ തുടങ്ങിയതോടെ തർക്കം രൂക്ഷമായി.
വാക്കുതർക്കത്തിനിടയിൽ ദേഷ്യം മൂത്ത മാധവ് ഇവരെ ഭയപ്പെടുത്താനായി അടുത്തിരുന്ന ഒരു ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തു. എന്നാൽ ഈ സമയം പ്രകോപിതരായ വിദ്യാർത്ഥികൾ മാധവിന്റെ കയ്യിൽ നിന്നും ബാറ്റ് ബലമായി പിടിച്ചുവാങ്ങുകയും അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തലക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് ചോര വാർന്നൊഴുകിയ മാധവിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വൈറ്റ്ഫീൽഡ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ മണിക്കൂറുകൾക്കകം തന്നെ പൊലീസ് വലയിലാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 പ്രകാരം കൊലക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേവലം ഒരു പൈപ്പിലെ വെള്ളത്തിന്റെ പേരിൽ തുടങ്ങിയ വാശി, ഒരു മനുഷ്യന്റെ ജീവനെടുക്കുന്നതിലും രണ്ട് യുവാക്കളുടെ ഭാവി തകരുന്നതിലുമാണ് ചെന്നവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.