കേസിലെ പ്രതി ഗൗരവ് ചോപ്ര. (ചിത്രം: X/Voices and Evidence)
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനായ യുവാവ് സ്വന്തം മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സിനിമകളെ വെല്ലുന്ന കാർ ചേസിങ്ങിനൊടുവിലാണ് യു.എസ് പൊലീസ് പിടികൂടിയത്. ടെക്സസിലെ ഹിഡാൽഗോ കൗണ്ടിയിലാണ് സംഭവം നടന്നത്.
യൂനിവേഴ്സിറ്റി ഓഫ് ടെക്സസ് റിയോ ഗ്രാൻഡെ വാലിയിലെ വിദ്യാർഥിയായ ഗൗരവ് ചോപ്ര (19) എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തതെന്ന് പ്രാദേശിക മാധ്യമമായ കെ.ആർ.ജി.വി 5 ന്യൂസ് റിപ്പോർട്ട് ചെയ്തു.പ്രതിയുടെ അച്ഛൻ സ്വീര റാം (56), അമ്മ കമലേഷ് റാണി (46), മുത്തശ്ശി മിന്ദർ കൗർ (73) എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
തനിക്കും കുടുംബത്തിനും നേരെ ഗൗരവ് ചോപ്ര വെടിയുതിർത്തതിന് തൊട്ടുപിന്നാലെ, പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളുടെ സഹോദരൻ അമേരിക്കൻ അടിയന്തിര സഹായ നമ്പറായ 911ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും ചോരയിൽ കുളിച്ചുകിടന്ന അമ്മയും മുത്തശ്ശിയും മരണപ്പെട്ടിരുന്നു. കടുത്ത പരിക്കുകളോടെ ജീവന്റെ ലക്ഷണങ്ങൾ കാണിച്ച പിതാവ് സ്വീര റാമിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അദ്ദേഹവും മരണണപ്പെടുകയായിരുന്നു. അപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് കാറിൽ രക്ഷപ്പെട്ടു.
പൊലീസ് ടെക്സസ് തെരുവുകളിൽ വൻ കാർ ചേസിങ്ങിലൂടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് അതിവേഗത്തിൽ കാറോടിച്ചുപോയ ഗൗരവ് ചോപ്ര, റോഡിലുണ്ടായിരുന്ന മറ്റൊരു കാറിനെ ശക്തമായി ഇടിച്ചുതെറിപ്പിച്ചു. ഈ അപകടത്തിൽ മറ്റ് രണ്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ പൊലീസ് പ്രതിയെ വളഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിൽ നിന്ന് ഒരു ഹാൻഡ്ഗൺ കണ്ടെടുത്തു. ഈ തോക്ക് ഉപയോഗിച്ചാണ് കുടുംബത്തെ കൂട്ടക്കൊല ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിക്കെതിരെ ഒന്നിലധികം ആളുകളെ കൊലപ്പെടുത്തിയതിനും, വധശ്രമത്തിനും, അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചതിനും കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു.
കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ പ്രതി നടത്തിയ ചില അവകാശവാദങ്ങൾ വ്യാജമാണെന്ന് ഹിഡാൽഗോ കൗണ്ടി ഷെരീഫ് എഡ്ഡി ഗുവേര വ്യക്തമാക്കി. ഇതിന് മുമ്പ് ഈ കുടുംബത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പരാതികളോ കോളുകളോ പൊലീസിന് വന്നിട്ടില്ലെന്നും അയൽക്കാർ പറഞ്ഞു. തങ്ങളുടെ വിദ്യാർഥി ഉൾപ്പെട്ട ക്രിമിനൽ കേസിൽ അന്വേഷണ ഏജൻസികളുമായി പൂർണമായി സഹകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.