ബംഗളൂരു: സ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന്റെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നു. ഗോവിന്ദപൂരിലെ ഗ്രാമത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുടുംബസ്വത്ത് വിൽക്കുന്നതിനെ ചൊല്ലി സഹോദരന്മാർക്കിടയിൽ നടന്ന തർക്കമാണ് വീടിന് തീയിടാൻ പ്രേരിപ്പിച്ചത്.
അപകടത്തിൽ പൊള്ളലേറ്റ മുനിരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുനിരാജ് നടത്തിയിരുന്ന ചിട്ടി ബിസിനസിൽ സാമ്പത്തിക നഷ്ടം വന്നതിനെ തുടർന്ന് കടത്തിലായിരുന്നു. കടം വീട്ടുന്നതിനായി കുടുംബസ്വത്ത് വിൽക്കണമെന്നാവശ്യപ്പെട്ട് മുനിരാജ് സഹോദരൻ രാമകൃഷ്ണയെ സമീപിച്ചിരുന്നു. എന്നാൽ, രാമകൃഷ്ണൻ ഇതിന് അനുവാദം നൽകിയില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കാവുകയായിരുന്നു.
ജ്യേഷ്ഠനോടുള്ള ദേഷ്യത്തിൽ ചൊവ്വാഴ്ച രാത്രി രാമകൃഷ്ണന്റെ വീട് കത്തിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടിലെത്തിയ മുനിരാജ് വീട് പുറത്തു നിന്ന് പൂട്ടി മുറിയിലേക്ക് പെട്രോൾ ഒഴിച്ചു. ഈ സമയത്ത് മുനിരാജിന്റെ കൈയിലും പെട്രോൾ തെറിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ വീടിന് തീ കൊളുത്തിയപ്പോൾ അത് മുനിരാജിന്റെ കൈകളിലേക്ക് ആളിപ്പടരുകയായിരുന്നു.
ശരീരത്തിലേക്ക് തീ ആളിപ്പടർന്നതോടെ മുനിരാജ് അലറി വിളിക്കാൻ തുടങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ തീ അണച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോയി.
അപകടത്തിൽ മുനിരാജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഹോസ്കോട്ടെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കുടുംബത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാമകൃഷ്ണന്റെ വീട്ടിലെ സി.സി.ടി.വിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.