അലിഗഡ്: സ്ത്രീധനത്തിന്‍റെ പേരിൽ 23കാരിയെ ജീവനോടെ കത്തിച്ച് കൊന്ന കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. മൂന്ന് പേർക്ക് ജീവപര്യന്തവും ഒരാൾക്ക് രണ്ടുവർഷം തടവുശിക്ഷയുമാണ് വിധിച്ചത്.
2015 ലാണ് വിവാഹം നടന്നത്. യുവതിയെ തീവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അശോക് സിങ്, ഭർതൃ മാതാവ് സാവിത്രി, ഭർതൃ പിതാവിന്‍റെ സഹോദരൻ ഹരിപ്പാൽ, ഭർതൃ സഹോദരൻ നവീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൊല നടന്നയുടനെ യുവതിയുടെ നാലുവയസുള്ള മകൻ പ്രതികൾക്കെതിരെ പൊലീസിന് മൊഴിനൽകിയിരുന്നു. ഇപ്പോൾ കുട്ടിക്ക് 11 വയസാണ് പ്രായം. ഒമ്പത് വർഷത്തെ വിചാരണക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്.
സാധനയെ വിവാഹംകഴിക്കുമ്പോൾ സ്ത്രീധനമായി ഒരു ലക്ഷം രൂപയും മോട്ടോർ ബൈക്കും അശോക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കല്യാണ ശേഷവും ഇത് നൽകാൻ സാധിക്കാത്തതിനാൽ മകളെ കൊല്ലുകയായിരുന്നുവെന്നാണ് യുവതിയുടെ പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
അതേ സമയം സാധനയുടെ മരണമൊഴിയും കുടുംബത്തിനെതിരെയായിരുന്നു. പരാതിയിലെ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവർക്ക് നേരെ കേസെടുത്തു. കൊലപാതക കുറ്റം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസിലെ മൂന്ന് പ്രതികൾക്ക് 10000 രുപ വീതവും സാവിത്രിക്കും അശോകിനും,5000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.