'കരേര നിന്റെ അപ്പന്റെ വകയാണോ? ധൈര്യമുണ്ടെങ്കിൽ അവനെ തടയടാ...'; മകനെ സ്റ്റേഷനിലേക്ക് നടത്തിച്ച പൊലീസിന് നേരെ ബി.ജെ.പി എം.എൽ.എയുടെ വെല്ലുവിളി
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരിക്കടുത്ത കരേരയിൽ എം.എൽ.എയുടെ മകൻ ഓടിച്ച ഥാർ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് ബി.ജെ.പി എം.എൽ.എ പ്രീതം ലോധി. അപകടമുണ്ടാക്കിയ തന്റെ മകൻ ദിനേഷ് ലോധിയെ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ച് കൊണ്ടുപോയതിലും ഉദ്യോഗസ്ഥൻ മോശമായി സംസാരിച്ചതിലും പ്രകോപിതനായാണ് പിച്ചോർ എം.എൽ.എ രംഗത്തെത്തിയത്.
അപകടത്തിന് ശേഷം ദിനേഷ് ലോധിയെ പിടികൂടിയ എസ്.ഡി.ഒ.പി ആയുഷ് ജാഖർ, 'ഇനി നിന്നെ ഈ പ്രദേശത്ത് കണ്ടുപോയാൽ വിവരം അറിയും' എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് എം.എൽ.എയുടെ വെല്ലുവിളി. 'കരേര നിന്റെ അപ്പന്റെ വകയാണോ? നിന്റെ അപ്പന് ധൈര്യമുണ്ടെങ്കിൽ അവനെ തടയടാ..." എന്ന് എം.എൽ.എ വെല്ലുവിളിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മകൻ ഇവിടെത്തന്നെ കാണുമെന്നും ഭാവിയിൽ ഇവിടെ നിന്ന് മത്സരിക്കുമെന്നും ലോധി പറഞ്ഞു. പൊലീസിന്റേത് പക്ഷപാതപരമായ നടപടിയാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ലോധി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. എം.എൽ.എ ബോർഡ് വെച്ച മഹിന്ദ്ര ഥാർ കാർ ബൈക്കിലിടിക്കുകയും മൂന്ന് യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിർത്താതെ പോയ വാഹനം തുടർന്ന് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളെയും ഇടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ബി.ജെ.പി നേതാവിന്റെ മകനായതുകൊണ്ട് പൊലീസ് കേസെടുക്കാൻ വൈകുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതിന് ദിനേഷ് ലോധിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, കോൺഗ്രസുകാർ വിഷയം പെരുപ്പിച്ചു കാണിക്കുകയാണെന്നും മുൻകാലങ്ങളിൽ ഉണ്ടായ വലിയ അപകടങ്ങളിൽ പോലും കേസെടുക്കാത്ത ചരിത്രമുണ്ടെന്നുമാണ് എം.എൽ.എയുടെ വാദം. എം.എൽ.എയുടെ പരസ്യമായ ഭീഷണി നിലനിൽക്കെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ എം.എൽ.എയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.