പൊള്ളലേറ്റ് സുരേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു, സുരേഷ് (36)
പുനലൂർ: പൊലീസ് സ്റ്റേഷന് സമീപം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ആദിവാസി യുവാവ് ആശുപത്രിയിൽ മരിച്ചു. പിറവന്തൂർ കുരിയോട്ടുമല ആദിവാസി ഉന്നതിയിലെ താമസക്കാരനും കുളത്തൂപ്പുഴ മറവൻചിറ സ്വദേശിയുമായ സുരേഷ് (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ പുനലൂർ പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു സംഭവം.
ഭാര്യയുമായുള്ള കുടുംബ പ്രശ്നത്തെതുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതനുസരിച്ച് എത്തിയതായിരുന്ന സുരേഷ് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ദേഹത്ത് തീ ആളിപടരുന്ന നിലയിൽ സ്റ്റേഷനിലേക്ക് ഓടിക്കയറി. ഈ സമയം ഭാര്യ ചെല്ലമ്മയും (24) മക്കളും ബന്ധുക്കളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ആളുകൾ ബഹളം ഉണ്ടാക്കി. ഇതോടെ ജീപ്പ് കഴുകാൻ ശേഖരിച്ചുവച്ചിരുന്ന വെള്ള മൊഴിച്ചാണ് പൊലീസുകാർ തീകെടുത്തിയത്. ദേഹമാസകലം പൊള്ളലേറ്റ ഇയാളെ പൊലീസുകാർ രക്ഷാപ്രവർത്തനം നടത്തി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
ഭാര്യയുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച പുനലൂർ സ്റ്റേഷനിലെത്തി ഭാര്യ പിണങ്ങിപ്പോയെന്ന് പരാതിപ്പെട്ടിരുന്നു. മദ്യലഹരിയിലായിരുന്ന സുരേഷിനെ പൊലീസുകാർ സമാധാനിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. സഹോദരിയുടെ വീട്ടിൽ പോയിരുന്ന ഭാര്യ അന്ന് തന്നെ വീട്ടിൽ മടങ്ങിയെത്തി. ഞായറാഴ്ച സുരേഷ് ഭാര്യയുമായി വീണ്ടും വഴക്കിട്ട് വീട്ടുസാധനങ്ങൾ അടിച്ചുതകർത്തു. ഇതോടെ ഭാര്യ 112ൽ വിളിച്ച് പരാതിപ്പെട്ടു. സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസ് സംഘം നിർദ്ദേശിച്ച പ്രകാരമാണ് സുരേഷും ഭാര്യയും ബന്ധുക്കളും ഇന്നലെ സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തന്നെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്നത് ചൂണ്ടിക്കാട്ടി ഭാര്യ നേരത്തെയും സുരേഷിനെതിരെ പുനലൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മൂന്ന് മാസം പ്രായമുള്ള കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് പെൺമക്കളാണ് ഇവർക്കുള്ളത്. സുരേഷിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം സുരേഷിന്റെ കുളത്തൂപ്പുഴ ഏഴംകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.