വരാപ്പുഴ: പട്ടാപ്പകൽ കൂനമ്മാവ് പള്ളിക്കടവ് റോഡിലെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. ചുള്ളിക്കാട്ട് ദേവസിയുടെ വീട് കുത്തിത്തുറന്നാണ്14 പവൻ സ്വർണാഭരണങ്ങളും 15000 രൂപയും മോഷ്ടാക്കൾ കവർന്നത്. വെള്ളിയാഴ്ച രാവിലെ ദേവസ്സിയും ഭാര്യ ഷീലയും ആശുപതിയിൽ പോയ സമയത്താണ് മോഷണം നടന്നത്. ഇവർ വൈകീട്ട് മൂന്നിന് തിരിച്ചു വന്നപ്പോൾ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. അപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിന്റെ താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന മൂന്നു വളയും രണ്ടു പവൻ തൂക്കം വരുന്ന ഒരു തടവളയുമാണ് നഷ്ടമായത്. അലമാരയിൽ ഉണ്ടായിരുന്ന 15000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ മുകളിൽ മകന്റെ ഭാര്യ ജോവിന്റെ അലമാരയിൽ ഉണ്ടായിരുന്ന ഒമ്പത് പവൻ സ്വർണാഭരണങ്ങളും മോഷ്ടാവ് കവർന്നു. അധ്യാപികയായ ജോവിൻ സ്‌കൂളിലായിരുന്നു. സ്‌കൂളിലെ 50000 രൂപ ഇതേ അലമാരയിൽ ഉണ്ടായിരുന്നുവെങ്കിലും അത് മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽ നഷ്ടമായില്ല. മോഷണത്തിന് ശേഷം പിന്നിലുടെ തന്നെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
ഈ ഭാഗത്ത് നിരീക്ഷണ കാമറകളില്ല. പൊലീസ് എത്തി മറ്റു ഭാഗത്തെ കാമറകൾ പരിശോധിച്ചു. ഒരാൾ ഉച്ചസമയത്ത് മുന്നു തവണ ഇതുവഴി നടന്നു പോകുന്നത് കണ്ടതായി ഒരു സ്ത്രീ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി വരാപ്പുഴ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.