കട നൽകിയില്ല, ചേട്ടന് സ്വത്ത് പോകുമെന്ന് പേടി; യു.പിയിൽ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരൻ

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കുടുംബ വഴക്കിനെത്തുടർന്ന് 17-കാരൻ സ്വന്തം ചേട്ടനെയും ചേട്ടന്റെ ഭാര്യയെയും അവരുടെ മൂന്ന് വയസ്സുകാരനായ മകനെയും ഉറക്കത്തിൽ വെട്ടിക്കൊന്നു. ഇതേ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ദമ്പതികളുടെ ഒമ്പത് വയസ്സുകാരിയായ മകൾ യാതൊരു പരിക്കും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, പുലർച്ച മൂന്ന് മണിയോടെയാണ് പ്രതിയായ അനിയൻ തന്റെ ചേട്ടന്റെ മുറിയിൽ അതിക്രമിച്ചു കയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന മൂവരെയും ആദ്യം മാരകമായ ആയുധം കൊണ്ട് അടിച്ച ശേഷമാണ് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് വെട്ടിക്കൊന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഈ സമയം പ്രതിയുടെ മാതാപിതാക്കൾ മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്.

ആക്രമണത്തിനിടയിൽ ഉണർന്ന ഒമ്പത് വയസ്സുകാരിയായ പെൺകുട്ടി ഭയന്നോടി നിലവിളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് താഴത്തെ മുറിയിലുണ്ടായിരുന്ന മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഓടിയെത്തിയത്. ചോരയിൽ കുളിച്ചുകിടക്കുന്ന മൂന്ന് മൃതദേഹങ്ങളാണ് ഇവർ കണ്ടത്. ഈ സമയം പ്രതി വീടിന്റെ മുകളിലത്തെ നിലയിലേക്ക് ഓടിപ്പോകുകയും അകത്തുനിന്ന് വാതിലടച്ച് ഒളിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പുലർച്ച തന്നെ പൊലീസ് സ്ഥലത്തെത്തി. മുകളിലത്തെ നിലയിൽ ഒളിച്ചിരുന്ന പ്രതിയോട് വാതിൽ തുറക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഒടുവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീടിന്റെ പുറംമതിൽ വഴി സാഹസികമായി മുകളിലേക്ക് കയറിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ പ്രതി നിലവിൽ ജോലിയൊന്നുമില്ലാതെ നടക്കുകയായിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കട തന്റെ പേരിലാക്കി തരണമെന്ന് ഇയാൾ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിതാവ് ഇത് വിസമ്മതിച്ചതോടെയാണ് സഹോദരനോട് ശത്രുത ആരംഭിച്ചത്. പിതാവ് സ്വത്തുക്കൾ മുഴുവൻ സഹോദരന് നൽകുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിക്ക് എന്തെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Tags:    
News Summary - 17-year-old man hacks to death three people, including a baby, in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.