പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
വർക്കല: വർക്കലയിൽ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്നു. പുന്നമൂട് മാധവ മെഡിക്കൽ മിഷൻ ആശുപത്രി റോഡിൽ എൻ.പി. വിളയിൽ ബാബുവിന്റെ ഡ്രീംസ് വീട്ടിൽ ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് മോഷണം. വീടിന്റെ മതിൽ ചാടിക്കടന്ന് പിറകുവശത്തെത്തിയ മോഷ്ടാവ് വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കുകയായിരുന്നു. മോഷണം നടക്കുമ്പോൾ സഹോദരങ്ങളായ രണ്ട് പെൺകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിന് പിന്നാലെ അടുക്കളയിലുണ്ടായിരുന്ന അച്ചാറും ചിപ്സും ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും മോഷ്ടാവ് കൈക്കലാക്കി.
ശബ്ദം കേട്ട് ഉണർന്ന പെൺകുട്ടികൾ മോഷ്ടാവിനെ കണ്ട് ഭയന്ന് നിലവിളിച്ചു. ഇതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. പുന്നമൂട്, വട്ടാരംവിള, എൻ.പി. വിള പ്രദേശങ്ങളിലെ അഞ്ചോളം വീടുകളിൽ ഇതേ രാത്രിയിൽ മോഷണശ്രമം നടന്നതായും നാട്ടുകാർ പറയുന്നു. മോഷണം നടന്ന വീടിന് സമീപമുള്ള മറ്റൊരുവീടിന്റെ പിറകുവശത്തെ വാതിൽ കുത്തിപ്പൊളിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് തെളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വർക്കല പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. സി.സി ടി.വി കാമറകളും പരിശോധിച്ചു. മുഖംമൂടിയും കൈയുറയും ധരിച്ച യുവാവായ മോഷ്ടാവ് വീടിന് പിറകുവശത്തുകൂടി നടന്നടുക്കുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വീടും പരിസരവും ചുറ്റിയ പൊലീസ് നായ് റോഡിലൂടെ മുന്നോട്ട് പോയി എൻ.പി വിള റോഡിലൂടെ ജനതാമുക്ക് വരെ ഓടിയെത്തി.
സംസ്ഥാനത്ത് ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തിൽത്തന്നെ വർക്കല പൊലീസ് സ്റ്റേഷനും ഇടം നേടിയിരുന്നു. ജനമൈത്രി പൊലീസിങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനവും വർക്കലയിലായിരുന്നു. നഗരമധ്യത്തിൽ തന്നെയാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതും. പിന്നീട് സബ് ഡിവിഷനായതോടെ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവർക്കും കൂടാതെ മറ്റൊരു ജീപ്പും റോഡ് സേഫ്റ്റിയുടെ പിന്നെയുമൊരു ജീപ്പും സ്റ്റേഷനിലുണ്ട്. മതിയായ വാഹന സൗകര്യമുണ്ടായിട്ടും പരാതികളും ഇതര ആവശ്യങ്ങളുമായി സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് 'ചിരിക്കാൻ പോലും മടി'കാണിക്കുകയും വല്ലാതെ മസിൽ പിടിക്കുകയും' ചെയ്യുന്ന 70 കളിലെ പൊലീസ് രീതിയാണ് ഇപ്പോഴും വർക്കല സ്റ്റേഷനിൽ തുടരുന്നത്. അപൂർവം ചില പൊലീസുകാരൊഴികെ മറ്റുള്ളവരെല്ലാം 'അന്യഗ്രഹ ജീവി'കളെപ്പോലെയാണ് പെരുമാറുന്നതെന്ന ആക്ഷേപം ഉയർന്നിട്ടും നാളുകളായി. ബഹുഭൂരിപക്ഷം പൊലീസുകാർക്കും ഇടറോഡുകളോ പ്രദേശങ്ങളോ അറിയില്ല. ഓഫിസർമാരുടെ അവസ്ഥയും ഭിന്നമല്ല. ജനമൈത്രി ബീറ്റുകൾ ഇപ്പോൾ യോഗം കൂടാറുമില്ലത്രെ.
വർക്കല മേഖലയിൽ കൃത്യമായ രാത്രികാല പട്രോളിങ് മുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴത്തെ റൂറൽ എസ്.പി ബി.കെ. പ്രശാന്തൻ വർക്കല സി.ഐ ആയിരുന്ന കാലം വരെ പട്രോളിങ് ശക്തമായിരുന്നു. അക്കാലത്ത് അദ്ദേഹം തന്നെ നേരിട്ട് രാത്രികാല പട്രോളിങ്ങിന് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതൊക്കെ അവതാളത്തിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.