വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തു, ​കേതനെ കോട്ടയിലേക്ക് വിളിച്ചുവരുത്തി; ലോഹഗഡ് കൊലയിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

പുണെ: ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് പുണെ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാൾ മരിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ‘മാഹി’ എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് കേതനെ ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തുക ആയിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 5,053 പേജുള്ള കുറ്റപത്രമാണ് പുണെ റൂറൽ പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

20കാരിയായ സിയയും 22കാരനായ ചേതനും ഉൾപ്പെടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. ചേതന്റെ സുഹൃത്തായ റിതേഷ് ഹംഗെയെയും പ്രതി ചേർത്തിട്ടുണ്ട്. സിയയെയും ചേതനെയും ജൂൺ 23നും റിതേഷിനെ സെപ്റ്റംബർ അഞ്ചിനുമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും നിലവിൽ ജയിലിലാണ്.

പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതിലൂടെയാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ ലഭിച്ചതെന്നാണ് വിവരം. പരിചയമുള്ള ഒരു പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് ‘മാഹി’ എന്ന പേരിലാണ് അക്കൗണ്ട് സൃഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. സിയയുടെ സുഹൃത്താണ് ‘മാഹി’ എന്ന ധാരണയിലായിരുന്നു കേതൻ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തിരുന്നത്. സിയയുമായി വീണ്ടും ലോഹഗഡ് കോട്ടയിലേക്ക് പോകാൻ കേതന് താൽപര്യമുണ്ടാകില്ലെന്ന തോന്നൽ ഇരുവർക്കും ഉണ്ടായിരുന്നുവെന്നും അതിനാൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കേതനെ വിശ്വാസത്തിലെടുക്കുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ജൂൺ 18ന് സിയയുടെ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് സർപ്രൈസ് ഒരുക്കുന്നതിനായി സിയയെ ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോകണമെന്ന രീതിയിലാണ് ‘മാഹി’ എന്ന അക്കൗണ്ടിലൂടെ കേതന് സന്ദേശങ്ങൾ അയച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതനുസരിച്ച് കേതൻ സിയക്കൊപ്പം കോട്ടയിലെത്തി. കൊലപാതകത്തിന് പിന്നാലെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തെങ്കിലും സാങ്കേതിക പരിശോധനയിലൂടെ ചാറ്റുകൾ വീണ്ടെടുക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ആദ്യം കേതനെ ​കൊല്ലാൻ കൊട്ടേഷൻ നൽകാനാണ് പദ്ധതിയിട്ടിരുന്നതെന്നും പിന്നീട് ഇവർ സ്വയം കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി ഇവർ കൊലപാതക സിനിമകൾ കണ്ടു. ചാറ്റ് ജി.പി.ടി ഉപയോഗിക്കുകയും ചെയ്തു. കൂടാതെ തയാറെടുപ്പുകളുടെ ഭാഗമായി പൊലീസിന്റെ അന്വേഷണം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള പോഡ്‌കാസ്റ്റുകളും അവർ കേട്ടു. മേഘാലയ ഹണിമൂൺ കൊലപാതക കേസിനെക്കുറിച്ചും അവർ അന്വേഷിച്ചു.

കേതനെ ലോഹഗഡ് കോട്ടയിലേക്ക് ജൂൺ 18ന് മുമ്പ് രണ്ടുതവണ കൂടി സിയ കൊണ്ടുപോയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജൂൺ 14ന് കേതനെ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ സിയ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടുവെന്നും പൊലീസ് പറയുന്നു. തുടർന്ന് പാമ്പുണ്ടെന്ന് പറഞ്ഞ് കേതനെ അപകടകരമായ ഭാഗത്തേക്ക് നീക്കാൻ ശ്രമിച്ചെന്നും അന്വേഷണത്തിൽ പറയുന്നു. നൂറിലധികം സാക്ഷികളുടെ മൊഴികൾ, മൊബൈൽ ഫോൺ വിവരങ്ങൾ, വാട്സ്ആപ് ചാറ്റുകൾ, ഫോട്ടോകൾ, കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, സാങ്കേതിക പരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയതെന്ന് പൊലീസ് അറിയിച്ചു.

ജൂൺ 18നാണ് കേതൻ ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സിയ, ചേതൻ എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം. നവംബറിൽ ജയ്പൂരിൽ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

Tags:    
News Summary - Fake Instagram ID Used To Lure Ketan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.