വിശാൽ റാവത്ത്
അടൂരിലെ മോഷണ പരമ്പര; പ്രായപൂർത്തിയാകാത്ത പ്രതികളെ കീഴടക്കിയത് മൽപിടിത്തത്തിനൊടുവിൽ
പത്തനംതിട്ട: അടൂരിലെ മോഷണപരമ്പരയിൽ അറസ്റ്റിലായ പ്രതികൾ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിക്കാനും ശ്രമിച്ചു. ഇടുക്കി, സൂര്യനെല്ലിയിലെ ഉൾപ്രദേശത്തേക്ക് കടന്ന സംഘം ഒരു റിസോർട്ട് മേഖലയിലെ ടെന്റിൽ താമസിക്കുകയായിരുന്നു. പ്രദേശത്തേക്ക് അന്വേഷണ സംഘം വളരെ ബുദ്ധിമുട്ടിയാണ് എത്തിച്ചേർന്നത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികെള മൽപിടിത്തത്തിനൊടുവിലാണ് അടൂർ പൊലീസ് സംഘം കീഴടക്കിയത്. പ്രായ പൂർത്തിയാകാത്ത നാലുപേർ ഉൾപ്പെടെ അഞ്ചുപേരാണ് പൊലീസിന്റെ പിടിയിലായത്.
തിരുവല്ല കവിയൂർ കോട്ടൂർ, തൈക്കാട് വീട്ടിൽ വിശാൽ റാവത്ത് (22), ഇയാളോടൊപ്പം മോഷണത്തിൽ നേരിട്ട് പങ്കെടുത്ത പ്രായപൂർത്തിയാകാത്ത നാലുപേർ എന്നിവരെയാണ് അടൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.അടൂരിലെ പീടികയിൽ ദേവീക്ഷേത്രം, അവറുവേലിൽ ക്ഷേത്രം, മുല്ലൂർകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും, പള്ളികൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങി മുപ്പതോളം സ്ഥലങ്ങളിലാണ് സംഘം മോഷണം നടത്തിയത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഭാഗത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിച്ചായിരുന്നു മോഷണം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇവർ മോഷണം നടത്തി. കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തുടർച്ചയായി മൂന്നുദിവസം ക്ഷേത്രം, പള്ളി, കട, വീട് എന്നിങ്ങനെ വിവിധ ഇടങ്ങളിൽ മോഷണം നടന്നു. തിങ്കളാഴ്ച മാത്രം പത്തോളം ഇടങ്ങളിലാണ് മോഷണവും മോഷണശ്രമവും നടന്നത്.
ഇതിനിടെ തുവയൂർ വടക്ക് അന്തിച്ചിറ കോട്ടൂർ ദേവീക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേർ എറണാകുളം തൃക്കാക്കര പോലീസിന്‍റെ പിടിയിലായി. അപ്പോഴാണ് അടൂരിൽ നടന്ന മോഷണത്തിന് പിന്നിൽ ഇവരുടെ കൂട്ടാളികളായ മറ്റുള്ളവരാണെന്ന് മനസ്സിലായത്. വിവിധ ഇടങ്ങളിൽ ഒരേ ദിവസം മോഷണം നടന്നതായും മോഷണ സംഘത്തിൽ നാലിലധികം അംഗങ്ങളുണ്ടെന്നും മനസ്സിലാക്കിയ ജില്ല പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അടൂർ ഡിവൈ.എസ്.പി വിനോദ് കെ.പിയുടെ നേതൃത്വത്തിൽ അടൂർ സർക്കിൾ ഇൻസ്പെക്ടർ രാജീവ്, സബ് ഇൻസ്പെക്ടർമാരായ ജിനു, അനൂപ് രാഘവൻ, സീനിയർ സി.പി.ഒ ബിപിൻ ചെറിയാൻ, സി.പി.ഒമാരായ നിതിൻ, അഭിലാഷ് വിജയ്, അമീഷ്, സുധാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
മോഷണ പരമ്പരക്കു പിന്നിൽ പ്രഫഷനൽ സംഘമാണെന്ന പ്രാഥമിക നിഗമനത്തിലെത്തിയ പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിനിടയിലാണ് സംഘം സഞ്ചരിച്ചെന്ന് കരുതുന്ന ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ ഓട്ടോറിക്ഷ വെഞ്ഞാറമൂട്ടിൽനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. വണ്ടിയിൽനിന്ന് ഒരു സ്ക്രൂഡ്രൈവർ ഒഴികെ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. സംഘം പിന്നീട്, മോഷ്ടിച്ച മറ്റ് വാഹനങ്ങളും ഉപയോഗിച്ചതായി വിവരം ലഭിച്ചു. ഇതോടെ അന്വേഷണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. മോഷണ പരമ്പരക്കിടെ സംഘത്തിലെ ചിലർ അടൂരിൽത്തന്നെ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസം ഇവരിൽ ചിലർ അടൂർ ജനറൽ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു. തുടർന്ന് വാഹന പരിശോധനക്കിടെ മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായി ഒരാളെ പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് മോഷണസംഘത്തിന്‍റെ ഒളിത്താവളം കണ്ടെത്താൻ സഹായിച്ചത്.
16ന് ചിന്നക്കനാലിലെ ഒരു വ്യാപാര സ്ഥാപനത്തിലും സംഘം മോഷണം നടത്തി. ഇവിടെനിന്ന് ലഭിച്ച പണവുമായാണ് സൂര്യനെല്ലിയിലെ ഉൾപ്രദേശത്തേക്ക് കടന്ന് ടെന്‍റിൽ ഒളിവിൽ കഴിഞ്ഞത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രായപൂർത്തിയായ പ്രതി വിശാലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റ് നാലു പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. ബോർഡിന്റെ നിർദേശപ്രകാരം സെപ്റ്റംബർ 25 വരെ ഇവരെ കൊല്ലത്ത് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന, നിയമവുമായി സമരസപ്പെടാത്ത കുട്ടികൾക്കായുള്ള പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ സംരക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.