കഫി മാതാപിതാക്കൾക്കൊപ്പം

മൂന്നാം വയസ്സിൽ ആസിഡ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടു; സ്വപ്നവിജയത്തിലേക്ക് പൊരുതിക്കയറി കഫി

ചണ്ഡിഗഢ്: മൂന്നാം വയസ്സിൽ ആസിഡ് ആക്രമണത്തിനിരയായി കാഴ്ച നഷ്ടപ്പെട്ട കഫി എന്ന പെൺകുട്ടി പൊരുതിക്കയറിയത് സ്വപ്നവിജയത്തിലേക്ക്. ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിടത്തുനിന്ന് പതിയെ ആത്മവിശ്വാസം തിരിച്ചുപിടിച്ച അവൾ 12 വർഷത്തിന് ശേഷം സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് ഏവരുടെയും ശ്രദ്ധ നേടിയത്. ചണ്ഡിഗഢിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ​ൈബ്ലൻഡിൽനിന്ന് പഠിച്ചിറങ്ങിയ കഫി 95.20 ശതമാനം മാർക്കാണ് എഴുതിയെടുത്തത്.

മൂന്നാം വയസ്സിലായിരുന്നു അവളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് മേൽ മൂന്നുപേർ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്നുള്ള ആറുവർഷം മാതാപിതാക്കൾ അവളുടെ കാഴ്ചശക്തി തിരിച്ചുകിട്ടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലെത്തിയെങ്കിലും ഫലമുണ്ടായില്ല.

‘എല്ലാം അവസാനിച്ചുവെന്ന് തോന്നുന്ന നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും. എന്റെ മാതാപിതാക്കൾ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഞാൻ വിലകെട്ടവളല്ലെന്ന് ആസിഡ് ആക്രമണകാരികളെയും എന്നോട് അനാദരവ് കാണിച്ച എല്ലാവരെയും കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’, പരീക്ഷ ഫലമറിഞ്ഞ ശേഷം കഫി പ്രതികരിച്ചു. മാതാപിതാക്കൾ തന്റെ ചികിത്സക്ക് വേണ്ടി 20 ലക്ഷത്തോളം രൂപ ഇതുവരെ ചെലവിട്ടെന്നും ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും കാഴ്ച തിരിച്ചുനൽകാനായില്ലെന്നും അവൾ പറഞ്ഞു. ഐ.എ.എസ് ഓഫിസറാകുകയെന്ന മോഹവും കഫി പ​ങ്കുവെച്ചു.

ആസിഡ് ആക്രമണത്തിന് ശേഷം ഹിസാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റവാളികളായ മൂന്നുപേരും ശിക്ഷിക്കപ്പെട്ടെങ്കിലും ദുർബല വകുപ്പുകൾ ചുമത്തിയതിനാൽ രണ്ട് വർഷത്തിനകം ജയിലിൽനിന്നിറങ്ങിയെന്ന് കഫിയുടെ പിതാവ് പവൻ പറയുന്നു. 2019ൽ ഇതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകിയെങ്കിലും കേസ് ഇപ്പോഴും പരിഗണനക്ക് വന്നിട്ടില്ല. ഹിസാറിലെ കോടതിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു കഫിയുടെ പിതാവ്. മകളെ സ്കൂളിൽ എത്തിച്ചിരുന്നതും തിരിച്ചുകൊണ്ടുവന്നിരുന്നതും ഇദ്ദേഹമായിരുന്നു. പിന്നീടാണ് ചണ്ഡിഗഢിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ​ൈബ്ലൻഡിലേക്ക് മാറ്റിയതെന്നും പിതാവ് പറഞ്ഞു.

Tags:    
News Summary - Lost her sight in an acid attack at age three; Kafi fought his way to a dream victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.