ശാസ്ത്ര വിഷയങ്ങളിലെ ഉന്നത പഠനത്തിന് തൽപലരായ വനിതകൾക്ക് 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുകയാണ് ബ്രിട്ടീഷ് കൗൺസിൽ. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയിലുടനീളം ദീർഘകാലമായി നിലനിൽക്കുന്ന ലിംഗപരമായ വിടവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ബ്രിട്ടീഷ് കൗൺസിലിന്റെ വനിതാ സ്റ്റെം സ്കോളർഷിപ്പ് പ്രോഗ്രാം.
ഗവേഷണത്തിലും ശാസ്ത്ര വിഷയങ്ങളിലും സ്ത്രീകൾ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഈ മേഖലകളിൽ അവർക്ക് പ്രാതിനിധ്യവും ശമ്പളവും കുറവാണ്. പോരാത്തതിന് നേതൃനിരയിലെത്താനുള്ള അവസരങ്ങളും നിഷേധിക്കപ്പെടുന്നു.
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വനിതകളെ ശാസ്ത്ര മേഖലകളിലെ മുൻനിരയിലെത്തിക്കുകയാണ് ഈ സ്കോളർഷിപ് പ്രോഗ്രാമിന്‍റെ ലക്ഷ്യം. ഇതിനോടകം യു.കെയിലെ 43 മുൻനിര യൂനിവേഴ്സിറ്റികളുമായി ചേർന്ന് 500ഓളം പേർക്ക് സ്കോളർഷിപ് ലഭ്യമാക്കിയിട്ടുണ്ട്.
2026-27 അധ്യായന വർഷത്തിൽ 90ഓളം വനിതകൾക്കാണ് അവസരം. 40,000 ബ്രിട്ടീഷ് പൗണ്ട് (രൂപ 50.9 ലക്ഷം) ആണ് സ്കോളർഷിപ് തുക. ഇതിൽ ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, യാത്രാ, വിസ ചെലവുകൾ, ആരോഗ്യ പരിരക്ഷാ ഫീസ് എന്നിവ ഉൾപ്പെടുന്നു. ആവശ്യമുള്ളവർക്ക് ഇംഗ്ലീഷ് ഭാഷാ പിന്തുണ ലഭ്യമാണ്.
സ്കോളർഷിപ് ലഭിക്കുന്നത് വഴി ലോകത്തെ മുൻനിര സ്ഥാപനങ്ങളിലേക്കും, നൂതന ലബോറട്ടറികളിലേക്കും, വിദഗ്ധരുടെ ശിക്ഷണത്തിനും അവസരം ലഭിക്കുന്നു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ, പദ്ധതിയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 30 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവർ, അക്കാദമിക് മികവ്, നേതൃപാടവം, സമൂഹങ്ങളിൽ ശാസ്ത്രവും നവീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത എന്നിവയാണ് അപേക്ഷകരുടെ അടിസ്ഥാന യോഗ്യത.
കോഴ്‌സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് സർവകലാശാലയുമായി ബന്ധപ്പെടുക. പൊതുവായ സ്‌കോളർഷിപ്പ് ചോദ്യങ്ങൾക്ക് womeninstem.scholarships@britishcouncil.org എന്ന വിലാസത്തിൽ ബ്രിട്ടീഷ് കൗൺസിൽ സ്‌കോളർഷിപ്പ് ടീമിന് ഇമെയിൽ അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.