ന്യൂഡൽഹി: ബിരുദ കാലയളവിൽ മാറ്റംവരുത്താൻ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കുന്ന പദ്ധതിക്ക് അംഗീകാരം നല്കി യൂനിവേഴ്സിറ്റി ഗ്രാന്റ് കമിഷന് (യു.ജി.സി). 2025-26 അധ്യയന വർഷം മുതലാണ് പരിഷ്കാരം നടപ്പാക്കുക. ഇതനുസരിച്ച് ബിരുദ കാലയളവ് വെട്ടിക്കുറക്കാനും ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. അതായത് പുതിയ സംവിധാനത്തിന് കീഴിൽ, വിദ്യാർഥികൾക്ക് രണ്ടര വർഷത്തിനുള്ളിൽ മൂന്ന് വർഷത്തെ ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ നാല് വർഷത്തെ ബിരുദം പൂർത്തിയാക്കാൻ കഴിയും. യു.ജി.സി മേധാവി എം. ജഗദേഷ് കുമാറാണ് ഈ പുതിയ പരിഷ്കരണം പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ പരിഷ്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്‍ഥിയുടെ പഠന ശേഷി അനുസരിച്ച് മൂന്നു വര്‍ഷ ബിരുദം രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കാനാവും. പഠനകാലയളവ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. കോഴ്സ് നേരത്തേ പൂര്‍ത്തിയാക്കിയാലും സമയമെടുത്ത് ചെയ്താലും സാധാരണ ബിരുദത്തിന് തുല്യമായിരിക്കും.
തുടര്‍ പഠനത്തിനും ജോലിക്കും സാധാരണ ബിരുദമായിത്തന്നെയാവും ഇവ പരിഗണിക്കുക. ഓരോ സെമസ്റ്ററിലും കൂടുതല്‍ ക്രെഡിറ്റ് നേടിയാണ് ബിരുദം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുക.
നിശ്ചിത ക്രെഡിറ്റിലും കുറവു നേടി കോഴ്സ് കാലയളവ് ദീര്‍ഘിപ്പിക്കാനും സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന ശേഷിക്കനുസരിച്ചും സാമ്പത്തികമോ അക്കാദമികമോ ആയ വെല്ലുവിളികൾക്കനുസരിച്ചും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
യു.ജി.സി ബിരുദ പരിഷ്കാരങ്ങൾ
● ബിരുദം പെട്ടെന്ന് നേടാൻ ആക്സിലറേറ്റഡ്
ഡിഗ്രി പ്രോഗ്രാം (എ.ഡി.പി)
● പഠനം നീട്ടാൻ എക്സ്റ്റൻഡഡ് ഡിഗ്രി പ്രോഗ്രാം (ഇ.ഡി.പി)
● പരമാവധി നീട്ടാൻ പറ്റുന്നത് രണ്ട് സെമസ്റ്ററുകൾ
● നേരത്തേ കോഴ്സ് പൂർത്തിയായാൽ ഉടൻ ബിരുദദാനം
● സാധാരണ ബിരുദ കാലയളവിലെ അതേ ക്രെഡിറ്റുകൾ
● പുതിയ പ്രോഗ്രാമുകൾക്ക് അപേക്ഷ ഒന്നും
രണ്ടും സെമസ്റ്ററിന്റെ അവസാനം
● മൂന്നാം സെമസ്റ്റർ മുതൽ അപേക്ഷിക്കാനാവില്ല
● യോഗ്യത വിലയിരുത്തുന്നതിന് വിദഗ്ധ സമിതികൾ
● വിദഗ്ധ സമിതികൾ അപേക്ഷകൾ പരിഗണിക്കും
● ആകെ വിദ്യാർഥികളുടെ 10 % വരെ എ.ഡി.പിയിൽ ചേർക്കാം
● എ.ഡി.പിക്കാർക്ക് ഓരോ സെമസ്റ്ററിനും അധിക ക്രെഡിറ്റ്
● ഇ.ഡി.പിയിൽ ഓരോ സെമസ്റ്ററിലും ക്രെഡിറ്റുകളുടെ
എണ്ണം കുറവായിരിക്കും
● ഇ.ഡി.പിയിൽ സെമസ്റ്ററുകൾ കൂടും
ബിരുദം നേരത്തേ പൂർത്തിയാക്കൽ; മുന്നിൽ നടന്ന് കേരളം
തിരുവനന്തപുരം: മിടുക്കരായ വിദ്യാർഥികൾക്ക് ബിരുദപഠനം നേരത്തേ പൂർത്തിയാക്കാനുള്ള അവസരം നേരത്തേ പ്രഖ്യാപിച്ച് കേരളം.
സംസ്ഥാനത്ത് ഈ വർഷം ആരംഭിച്ച നാല് വർഷ ബിരുദ കോഴ്സ് പൂർത്തിയാക്കാൻ വിദ്യാർഥി നേടേണ്ടത് 177 ക്രെഡിറ്റാണ്. എട്ട് സെമസ്റ്റർ അടങ്ങിയ നാല് വർഷ കോഴ്സിൽ മൂന്നരവർഷം കൊണ്ട് തന്നെ വിദ്യാർഥിക്ക് 177 ക്രെഡിറ്റ് ആർജിച്ച് ബിരുദം നേടി പുറത്തിറങ്ങാനുള്ള സൗകര്യമാണ് സംസ്ഥാനത്തൊരുക്കിയത്.
മൂന്ന് വർഷ ബിരുദം നേടാൻ വിദ്യാർഥി ആർജിക്കേണ്ടത് 133 ക്രെഡിറ്റാണ്. രണ്ടരവർഷം കൊണ്ട് 133 ക്രെഡിറ്റ് ആർജിച്ച് ത്രിവത്സര ബിരുദം സ്വന്തമാക്കാനുമാകും. നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മേൽനോട്ടത്തിൽ രൂപപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിലും കോഴ്സ് റെഗുലേഷനിലും ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. സെമസ്റ്ററിനിടയിൽ നിശ്ചിത കാലത്തേക്ക് വിദ്യാർഥിക്ക് ഇടവേളയെടുക്കാനും പാഠ്യപദ്ധതി ചട്ടക്കൂടിൽ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം നാല് വർഷ കോഴ്സ് പൂർത്തിയാക്കാൻ പരമാവധി ഏഴ് വർഷംവരെ സമയം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.