ന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ (യു.ജി.സി) റാഗിങ് വിരുദ്ധ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഐ.ഐ.ടി പാലക്കാട് അടക്കമുള്ള 89 സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. നിരവധി തവണ നിർദേശിച്ചിട്ടും ഗുരുതരമായ വീഴ്ച വരുത്തിയതായി യു.ജി.സി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും റാഗിങ്ങിനെക്കുറിച്ചുള്ള 2009ലെ യു.ജി.സി നിബന്ധനകൾ പാലിക്കേണ്ടത് നിർബന്ധമാണ്. 30 ദിവസത്തിനുള്ളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ, ഗ്രാന്റുകളും ധനസഹായവും പിൻവലിക്കും. ഇത് ഗവേഷണ പദ്ധതികളെയടക്കം ബാധിക്കും. കൂടാതെ, സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കലും അഫിലിയേഷൻ പിൻവലിക്കലും പരിഗണനയിലുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ (ഐ.ഐ.ടി), മൂന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) എന്നിവയടക്കം 17 ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ പട്ടികയിലുണ്ട്. ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ഖരഗ്പുർ, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ടി ഹൈദരാബാദ് എന്നിവയാണ് പട്ടികയിലുള്ളത്.
അതുപോലെ ഐ.ഐ.എം ബോംബെ, ഐ.ഐ.എം റോഹ്തക്, ഐ.ഐ.എം തിരുച്ചിറപ്പള്ളിയും പട്ടികയിലുണ്ട്. എ.ഐ.ഐ.എം.എസ് റായ്ബറേലിയാണ് മറ്റൊരു ദേശീയ സ്ഥാപനം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ- ഡൽഹി, ആന്ധ്രപ്രദേശ്, ഹരിയാന കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്, അലീഗഢ് മുസ്ലിം സർവകലാശാല, നളന്ദ സർവകലാശാല, ഇഗ്നോ, കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും വീഴ്ച വരുത്തിയ പ്രമുഖ സ്ഥാപനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.