ന്യൂഡൽഹി: റാഗിങ്ങിനെതിരെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 18 മെഡിക്കൽ കോളജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് യു.ജി.സി. ഡൽഹി, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ രണ്ട് വീതം മെഡിക്കൽ കോളജുകൾക്കും ആന്ധ്രപ്രദേശിലും ബിഹാറിലും മൂന്ന് വീതം കോളജുകൾക്കും മധ്യപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഓരോ മെഡിക്കൽ കോളജുകൾക്കുമാണ് നോട്ടീസ് ലഭിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിലെ റാഗിങ് സംഭവങ്ങൾ തടയുന്നതിനുമുള്ള നടപടികൾ കോളജുകൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് തീരുമാനം. റാഗിങ്ങിനെതിരെയുള്ള 2009 ചട്ടപ്രകാരം, ഓരോ വിദ്യാർഥിയും അവരുടെ രക്ഷിതാക്കളും അഡ്മിഷൻ സമയത്തും എല്ലാ അധ്യയന വർഷത്തിന്റെ തുടക്കത്തിലും റാഗിങ് വിരുദ്ധ പ്രസ്താവന ഒപ്പിട്ട് സമർപ്പിക്കണം. ഇതിലും കോളജുകൾ വീഴ്ച വരുത്തിയിരുന്നതായി കണ്ടെത്തി.
വിദ്യാർഥികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ വേണ്ടിയതാണ് ചട്ടങ്ങൾ വെച്ചിട്ടുള്ളതെന്നും കോളജുകൾ അത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കനത്ത നടപടികൾ സ്വീകരിക്കുമെന്നും യൂനിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.
നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം വീഴ്ചയുടെ കാരണങ്ങളും പരിഹാരവും രേഖാമൂലം എഴുതി സമർപ്പിക്കാൻ കോളജുകളോട് യു.ജി.സി നിർദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തൃപ്തികരമായ വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടാൽ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.