പാലക്കാട്: പത്താംതരം കടമ്പ മറികടന്നതോടെ തുടർപഠനത്തിന് പല വഴികളാണ് വിദ്യാർഥികൾക്ക് മുന്നിലുള്ളത്. പ്ലസ് വൺ, പോളിടെക്നിക്, ഐ.ടി.ഐ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഉപരിപഠന സാധ്യതകളായുള്ളത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പെടെ 172 സ്കൂളുകളിലായി 37,737 പ്ലസ് വൺ സീറ്റുകളാണുള്ളത്. സയൻസ്-14,649, കോമേഴ്സ്-11,259, ഹ്യുമാനിറ്റീസ്-11,829 എന്നിങ്ങനെയാണ് സീറ്റ് നില.
കമ്യൂണിറ്റി ക്വോട്ടയിൽ 2320 സീറ്റുകളും സ്പോർട്സ് ക്വോട്ടയിൽ 1040 സീറ്റുകളുമുണ്ട്. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 18 സർക്കാർ സ്കൂളുകളിലും ഏഴ് സ്വകാര്യ സ്കൂളുകളിലുമായി 2230 സീറ്റുകളാണുള്ളത്. ഒമ്പത് ഗവ. ഐ.ടി.ഐകളിലെ 28 ട്രേഡുകളിലായി 2110 സീറ്റുകളും 21 സ്വകാര്യ ഐ.ടി.ഐകളിലായി 1740 സീറ്റുകളുമുണ്ട്.ഒന്നുമുതൽ മൂന്ന് വർഷംവരെ കാലാവധിയുള്ളതാണ് ഐ.ടി.ഐ കോഴ്സുകൾ. പത്താം ക്ലാസ് കഴിഞ്ഞാൽ ഭൂരിഭാഗം കുട്ടികളും ഹയർ സെക്കൻഡറി പഠനമാണ് തിരഞ്ഞെടുക്കാറുള്ളത്. കുറച്ചുപേർ മാത്രമാണ് ഡിപ്ലോമ കോഴ്സുകൾ തിരഞ്ഞെടുക്കാറുള്ളത്.
അത്തരക്കാർക്കായി ജില്ലയിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ പോളിടെക്നിക്കുകളിൽ ഡിപ്ലോമ കോഴ്സുകളിൽ 3606 സീറ്റുകളുണ്ട്. പാലക്കാട് കൂട്ടുപാത ഗവ. പോളിടെക്നിക് കോളജിൽ ആറു ബ്രാഞ്ചുകളിലായി 60 വീതം സീറ്റുകളുണ്ട്. ഇവിടെ സായാഹ്ന പഠന ക്ലാസുകളുണ്ട്.
ഷൊർണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് പോളിടെക്നിക് കോളജിൽ വിവിധ ബ്രാഞ്ചുകളിലായി 180 സീറ്റുകളാണുള്ളത്. ചെർപ്പുളശ്ശേരി, വടക്കഞ്ചേരി, അട്ടപ്പാടി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ എയ്ഡഡ് പോളിടെക്നിക് കോളജുകളിൽ 986 സീറ്റും സ്വകാര്യ പോളിടെക്നിക് കോളജുകളിൽ 2030 സീറ്റുകളുമുണ്ട്.
2025-26 അധ്യയനവർഷം തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എല്ലാ എയ്ഡഡ് സ്കൂളികളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു.
അങ്ങനെയെങ്കിൽ സീറ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകും. സേ പരീക്ഷ പാസായി എത്തുന്ന വിദ്യാർഥികൾ കൂടി എത്തുന്നതോടെ ആവശ്യത്തിന് സീറ്റ് ലഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ സംസ്ഥാനത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റ് പ്ലസ് വണ്ണിന് ഉണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
മേയ് 28 മുതൽ ജൂൺ രണ്ടുവരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങൾ വരെ എഴുതാം. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവക്കുള്ള അപേക്ഷകൾ മേയ് 12 മുതൽ 17 വരെ ഓൺലൈനായി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.