നീറ്റ് പിജി 2023: കട്ട് ഓഫ് മാർക്ക് ഒഴിവാക്കിയതിനെതിരായ ഹരജി തള്ളി

ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ്-പി.ജി 2023 എന്‍ട്രന്‍സ് പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് ഒഴിവാക്കിയതിനെതിരായ ഹരജി സുപ്രീംകോടതി തള്ളി. എല്ലാ വിഭാഗങ്ങളിലും കട്ട് ഓഫ് മാർക്ക് പൂജ്യമായി കുറച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

കട്ട് ഓഫ് ഒഴിവാക്കിയതോടെ റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും മെഡിക്കൽ കൗൺസലിങ്ങിൽ പങ്കെടുക്കാനാകും. കട്ട് ഓഫ് ശതമാനം കുറയ്ക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഹരജിക്കാരന് വിഷയത്തിൽ ഇടപെടാനുള്ള നിയമപരമായ അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്ത് മെഡിക്കല്‍ പി.ജി പഠനത്തിന് 2000 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് നീറ്റ്-പിജി കട്ട് ഓഫ് 50 ശതമാനത്തില്‍ നിന്ന് പൂജ്യമാക്കി കുറച്ച് സെപ്റ്റംബര്‍ 22ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിട്ടത്. അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഇല്ലാതാക്കുന്നതാണ് തീരുമാനമെന്ന് വിമർശനമുണ്ട്. 

Tags:    
News Summary - Supreme Court junks plea against NEET-PG 2023 cutoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.