'എ പ്ലസ് വിപ്ലവത്തിന്' ഫോക്കസ് ഏരിയയിലെ കടുംപിടുത്തത്തിലൂടെ നിയന്ത്രണം

തിരുവനന്തപുരം: കഴിഞ്ഞവർഷം പ്ലസ് വൺ പ്രവേശനത്തിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിച്ച എസ്.എസ്.എൽ.സി പരീക്ഷയിലെ എ പ്ലസ് വിപ്ലവം ഫോക്കസ് ഏരിയയിലെ കടുംപിടുത്തത്തിലൂടെ നിയന്ത്രണത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞവർഷം 1,25,509 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചത് സർക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

പ്ലസ് വൺ പ്രവേശനത്തിൽ നാല് അലോട്ട്മെന്‍റുകൾ പിന്നിട്ടിട്ടും എ പ്ലസുകാർക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഒടുവിൽ 30 ശതമാനം വരെ സീറ്റ് വർധനവും 79 താൽക്കാലിക ബാച്ചുകളും അനുവദിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞവർഷം 40 ശതമാനം പാഠഭാഗങ്ങൾ ഫോക്കസ് ഏരിയയായി നിശ്ചയിക്കുകയും ഇതിൽനിന്ന് 80 ശതമാനം മാർക്കിന് ചോദ്യങ്ങൾ വരുന്ന രീതിയിൽ ചോദ്യപേപ്പർ ക്രമീകരിക്കുകയും ചെയ്തു. അവശേഷിക്കുന്ന 20 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയ ഉൾപ്പെടെ മുഴുവൻ പാഠഭാഗത്തിൽനിന്നുമായും ക്രമീകരിച്ചു.

ഫലത്തിൽ 40 ശതമാനം പാഠഭാഗം പഠിച്ചാൽ തന്നെ മുഴുവൻ മാർക്കും നേടാവുന്ന സ്ഥിതിയായി. ഇതിനുപുറമെ ഉത്തരമെഴുതേണ്ടതി‍െൻറ ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും എത്ര ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ള അവസരം നൽകുകയും ചെയ്തു. ഇതുവഴി എ പ്ലസുകാരുടെ എണ്ണം 2020ലെ 41906ൽനിന്ന് ഒന്നേകാൽ ലക്ഷമായി കുതിച്ചുയർന്നു.

ഇത്തവണ ഫോക്കസ് ഏരിയ പാഠഭാഗങ്ങൾ 40 ശതമാനത്തിൽനിന്ന് 60 ആയി വർധിപ്പിച്ചു. ഇതിൽനിന്ന് വരുന്ന ചോദ്യങ്ങൾ 70 ശതമാനമായി നിജപ്പെടുത്തി. അവശേഷിക്കുന്ന 30 ശതമാനം മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുമാക്കി. ഇരട്ടി ചോദ്യങ്ങൾ എന്നത് 50 ശതമാനം ചോയ്സ് ചോദ്യങ്ങളാക്കിയും ചുരുക്കി. ഇതോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കാൻ പാഠഭാഗം പൂർണമായും പഠിക്കണമെന്നായി.

ഇതിനെതിരെ വിമർശനമുയർന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിൽ ഉറച്ചുനിന്നു. ഫലം വന്നപ്പോൾ 2020ലെ എ പ്ലസ് നേട്ടത്തിൽനിന്ന് 2457 പേരുടെ വർധനയോടെ ഇത്തവണ 44363 ആയി. കഴിഞ്ഞവർഷം എ പ്ലസുകാർക്ക് പോലും പ്രവേശനം ലഭിക്കാത്ത സാഹചര്യം ഇത്തവണ ആവർത്തിക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പി‍െൻറ കണക്കുകൂട്ടൽ.

എന്നാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണത്തിൽ 3652 പേരുടെ വർധനവുണ്ട്. കഴിഞ്ഞവർഷം ഉപരിപഠന യോഗ്യത നേടിയവരിൽ 29 ശതമാനവും സമ്പൂർണ എ പ്ലസോടെയാണ് വിജയിച്ചതെങ്കിൽ ഇത്തവണ 10.48 ശതമാനമായി കുറഞ്ഞു. കൂടുതൽ പേർ എ പ്ലസ് നേട്ടത്തിലെത്തിയത് മലപ്പുറം ജില്ലയിലാണ് -7230 പേർ. കഴിഞ്ഞവർഷം ഇത് 18,970 പേരായിരുന്നു. എ പ്ലസ് നേട്ടത്തിൽ രണ്ടാംസ്ഥാനത്ത് കോഴിക്കോട് ജില്ലയാണ് -5466 പേർ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.