പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ ഉപരിപഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘സ്കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയസ്പോറ ചിൽഡ്രൻ’(എസ്.പി.ഡി.സി) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 30 ആണ്. ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലും കോളേജുകളിലും ബിരുദ പഠനത്തിന് ചേരുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. മെഡിക്കൽ, എൻജിനീയറിങ്, ആർട്സ്, സയൻസ്, കൊമേഴ്സ്, നഴ്സിങ് തുടങ്ങി ഒട്ടുമിക്ക കോഴ്സുകൾക്കും സ്കോളർഷിപ്പ് ലഭ്യമാണ്.
പ്രതിവർഷം 3.3 ലക്ഷം രൂപ വരെ സഹായം
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയുടെ 75 ശതമാനം തുക സ്കോളർഷിപ്പായി ലഭിക്കും. ഒരു വർഷം പരമാവധി 4000 യു.എസ് ഡോളർ (ഏകദേശം 3.35 ലക്ഷം രൂപ) വരെയാണ് ലഭിക്കുക. ഒന്നാം വർഷം മുതൽ കോഴ്സ് പൂർത്തിയാകുന്നത് വരെ സാമ്പത്തിക സഹായം തുടരും. എന്നാൽ മെഡിക്കൽ വിദ്യാർഥികൾക്ക് രണ്ടാം വർഷം മുതലാണ് സ്കോളർഷിപ്പിന് അർഹതയുണ്ടാവുക.
മാനദണ്ഡങ്ങൾ: എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സി.ഐ കാർഡുള്ളവരുടെ മക്കൾക്കും, ഇ.സി.ആർ(ഇ.സി.ആർ) രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ മക്കൾക്കുമാണ് അപേക്ഷിക്കാൻ കഴിയുക. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു തലത്തിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. പ്രായം: 2025 ജൂലൈ 31-ന് 17 വയസ്സിനും 21 വയസ്സിനും ഇടയിലായിരിക്കണം.
പഠനം: 11, 12 ക്ലാസുകൾ വിദേശത്ത് പഠിച്ചവരാകണം. എന്നാൽ ഗൾഫ് ഉൾപ്പെടെയുള്ള ഇ.സി.ആർ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഇന്ത്യയിൽ പഠിച്ചാലും അപേക്ഷിക്കാൻ പ്രത്യേക ഇളവുണ്ട്.
വരുമാന പരിധി: എൻ.ആർ.ഐ/പി.ഒ.സി രക്ഷിതാവിന്റെ മാസശമ്പളം 5000 യു.എസ് ഡോളറിൽ കൂടാൻ പാടില്ല. എന്നാൽ ഗൾഫ് ഉൾപ്പെടെയുള്ള ഇ.സി.ആർ രാജ്യങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാൻ രക്ഷിതാവിന്റെ വരുമാനം 3000 യു.എസ് ഡോളറിൽ(ഏകദേശം 2.5 ലക്ഷം രൂപ) താഴെയായിരിക്കണം
അപേക്ഷിക്കേണ്ട വിധം
അപേക്ഷാ നടപടികൾക്ക് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യം www.mea.gov.in എന്ന വെബ്സൈറ്റ് വഴി Application ഓൺലൈനായി Download ചെയ്യണം. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും, ഒപ്പം സാലറി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് തുടങ്ങിയ രേഖകളും അതത് രാജ്യത്തെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ട് സമർപ്പിക്കണം. ഓൺലൈനായി അയക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.