ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ആയിരക്കണക്കിന് പി.ജി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിർണായക തീരുമാനവുമായി നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ്. നീറ്റ് പി.ജി പ്രവേശനത്തിനുള്ള യോഗ്യത മാർക്ക് വലിയ തോതിൽ കുറച്ചു.
ജനറൽ വിഭാഗത്തിൽ കട്ട് ഓഫ് മാർക്ക് 50 പെർസന്റൈലിൽനിന്ന് ഏഴു പെർസന്റൈലായും സംവരണ വിഭാഗത്തിൽ 40 പെർസന്റൈലിൽനിന്ന് പൂജ്യം പെർസന്റൈലായും കുറച്ചു. രാജ്യത്തുടനീളം 18,000ത്തിലധികം പി.ജി സീറ്റുകൾ രണ്ടാംഘട്ട കൗൺസലിങ്ങിന് ശേഷവും ഒഴിഞ്ഞുകിടക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സേവനം രാജ്യത്തിന് അത്യാവശ്യമായതിനാൽ, ഈ സീറ്റുകൾ പാഴാകാതിരിക്കാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും യോഗ്യരായ എം.ബി.ബി.എസ് ഡോക്ടർമാർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്നതിനാൽ പഠന നിലവാരത്തെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കട്ട് ഓഫ് മാർക്ക് കുറച്ചെങ്കിലും പ്രവേശനം പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ തന്നെയായിരിക്കും. കൂടുതൽ മാർക്കുള്ളവർക്ക് മുൻഗണന ലഭിക്കും. കേന്ദ്രീകൃത കൗൺസലിങ് വഴി മാത്രമേ പ്രവേശനം നടക്കൂ. നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ല. സീറ്റുകൾ വെറുതെ കിടക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 12ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാറിന് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.