കൊച്ചി: പാമ്പുകൾക്ക് വസിക്കാവുന്ന സാഹചര്യങ്ങൾ സ്‌കൂൾ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ ഇല്ലെന്നുറപ്പാക്കണമെന്നതടക്കം നിർദേശങ്ങളടങ്ങുന്ന മാർഗരേഖ സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലെ നിർദേശങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി നടപ്പാക്കേണ്ട മാർഗനിർദേശങ്ങളുടെ കരട് മാർഗരേഖയും യോഗത്തിന്‍റെ മിനിട്സും ചീഫ് സെക്രട്ടറി സമർപ്പിച്ചു.
വകുപ്പുകളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞശേഷം മാർഗരേഖ അന്തിമമാക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിന് പുറത്തു സൂക്ഷിക്കരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആന്റിവെനവും കുട്ടികളുടെ ചികിത്സയും ലഭ്യമായ ആശുപത്രികളുടെ പട്ടിക സ്‌കൂളുകളിൽ സൂക്ഷിക്കണമെന്നും നിർദേശിക്കുന്നു. ആരോഗ്യ അധികൃതരെ വിവരം അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തിൽ പാമ്പുകടികൂടി ഉൾപ്പെടുത്തണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. സ്‌കൂളുകളിലെ സുരക്ഷ ഓഡിറ്റ്, അപകടമുണ്ടായാൽ ചെയ്യേണ്ട മെഡിക്കൽ റെസ്‌പോൺസ് തുടങ്ങി നിർദേശങ്ങൾ വികസിപ്പിച്ചാണ് പുതിയ മാർഗരേഖ രൂപവത്കരിച്ചത്. സ്‌കൂളിന്റെ ഫിറ്റ്‌നസ് വ്യവസ്ഥകളും പുതുക്കി.
പാമ്പുകടി, തീപിടിത്തം, പ്രളയം, ഭൂകമ്പം തുടങ്ങി അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല ദുരന്തപ്രതികരണ അതോറിറ്റിയുമായി ചേർന്ന് മോക്ക് ഡ്രിൽ നടത്തണം, താലൂക്ക്തലം മുതലുള്ള ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. വയനാട് സുൽത്താൻബത്തേരിയിലെ സ്കൂളിൽ വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ചതിനെത്തുടർന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.