കണ്ണൂർ: എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും പ്ലസ്വൺ ഒന്നും രണ്ടും അലോട്ട്മെന്റിലും സീറ്റുറപ്പിക്കാതെ വിദ്യാർഥി പുറത്ത്. കണ്ണൂർ ജില്ലയിലെ മയ്യിൽ ഐ.എം.എൻ.എസ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഓടെ വിജയിച്ച ലിയോൺ കെ. ബൈജുവിനാണ് ഈ ദുർഗതി. തെക്കൻ ജില്ലകളിൽ സീറ്റ് കാലിയാകുമ്പോൾ മലബാറിൽ ഫുൾ എ പ്ലസുകാർക്കും രക്ഷയില്ലെന്ന് ശരിവെക്കുന്നതായി വിദ്യാർഥിയുടെ അനുഭവം.
സയൻസ് ഗ്രൂപ്പിനാണ് ലിയോൺ അപേക്ഷിച്ചത്. ആദ്യ അലോട്ട്മെന്റ് വന്നപ്പോൾ രണ്ടാമത്തെ അലോട്ട്മെന്റിൽ സീറ്റ് ലഭിക്കുമെന്ന് ഉറപ്പിച്ചു. രണ്ടാം അലോട്ട്മെന്റും പുറത്തുവന്നപ്പോഴാണ് വിദ്യാർഥിക്കും കുടുംബത്തിനും ആശങ്കയേറിയത്. ജൂൺ 16ന് മൂന്നാം അലോട്ട്മെന്റിലാണ് ഇവരുടെ പ്രതീക്ഷ. വിദ്യാർഥി പഠിച്ച സ്കൂളിനു പുറമെ നാല് സ്കൂളുകളാണ് ഓപ്ഷനായി നൽകിയത്. കൂടുതൽ സ്കൂളുകൾ ഓപ്ഷനായി നൽകിയിരുന്നെങ്കിൽ ആദ്യ അലോട്ട്മെന്റിൽ തന്നെ സീറ്റ് ഉറപ്പായിരുന്നുവെന്നാണ് ഹയർസെക്കൻഡറി വകുപ്പ് അധികൃതർ പറയുന്നത്.
പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ ആയിരത്തോളം വിദ്യാർഥികളാണ് സീറ്റില്ലാതെ പട്ടികക്ക് പുറത്തായത്. ജില്ലയിൽ 37,988 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയത്. സർക്കാർ, എയ്ഡഡ് മേഖലയിലായി ജില്ലയിൽ ആകെയുള്ളത് 28,780 സീറ്റുകളാണ്. രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്പോൾ 20,372 പേർക്ക് സീറ്റ് ഉറപ്പായി. ശേഷിക്കുന്നത് 8408 സീറ്റുകളാണ്. സീറ്റ് കിട്ടാതെ പുറത്താവുന്നതാവട്ടെ 9208 പേരും. ഇവർക്ക് പ്ലസ് വൺ പഠനത്തിനായി മാനേജ്മെന്റ് സീറ്റുകളിലോ ഉയർന്ന ഫീസ് നൽകി അൺ എയ്ഡഡ് മേഖലയെയോ ആശ്രയിക്കേണ്ടി വരുമെന്നതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.