തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് ഒന്നിലധികം കാമ്പസുകൾ തുറക്കാനുള്ള അനുമതിയോടെ. ഇതിനുള്ള വ്യവസ്ഥ കരട് ബില്ലിൽ ഉൾപ്പെടുത്തി. സർവകലാശാല ആരംഭിക്കുന്ന സ്പോൺസറിങ് ബോഡിയുടെ കീഴിൽ സ്വകാര്യ സ്വാശ്രയ കോളജുണ്ടെങ്കിൽ അതിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും സർവകലാശാലക്കായി ഉപയോഗിക്കാനും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. യു.ജി.സി ഉൾപ്പെടെ നിയന്ത്രണ സംവിധാനങ്ങൾ അനുശാസിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് ഓഫ് കാമ്പസ് സെൻററുകൾ, ഓഫ് ഷോർ കാമ്പസുകൾ, പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് അനുമതിയുണ്ടാകും. എന്നാൽ, അഫിലിയേറ്റഡ് കോളജുകൾ പാടില്ല.
സംസ്ഥാനത്തിനകത്ത് ഒന്നിലധികം കാമ്പസുകളുള്ള സര്‍വകലാശാലയാണെങ്കിൽ ആസ്ഥാന കാമ്പസിന് ചുരുങ്ങിയത് പത്തേക്കർ ഭൂമിയുണ്ടാകണം. സർവകലാശാല ആരംഭിക്കുന്ന സ്പോൺസറിങ് ബോഡി 25 കോടി രൂപയുടെ എൻഡോവ്മെന്റ് ഫണ്ട് രൂപവത്കരിക്കുകയും ഈ തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുകയും ചെയ്യണം. ഇതിൽനിന്നുള്ള വരുമാനം സർവകലാശാലയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ആക്ട്, സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് വ്യവസ്ഥകൾക്കനുസൃതമായി സർവകലാശാല പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കാൻ എൻഡോവ്മെൻറ് തുക സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കണം. നിയമങ്ങളോ ചട്ടങ്ങളോ സർവകലാശാല ലംഘിക്കുന്നെന്ന് കണ്ടെത്തിയാൽ തുക ഭാഗികമായോ പൂർണമായോ കണ്ടുകെട്ടാൻ സർക്കാറിന് അധികാരമുണ്ടാകും. സർവകലാശാല ആരംഭിക്കാൻ യു.ജി.സി ഉൾപ്പെടെ നിയന്ത്രണ സമിതികൾ നിശ്ചയിക്കുന്ന അളവിലുള്ള ഭൂമിയുണ്ടാകണം. സർവകലാശാലക്ക് 24,000 ചതുരശ്ര മീറ്റർ കാർപറ്റ് ഏരിയയുള്ള കെട്ടിടമുണ്ടായിരിക്കണം. ഇതിൽ 50 ശതമാനം അക്കാദമികവും 50 ശതമാനം ഭരണപരവുമായ ആവശ്യങ്ങൾക്കുമുള്ളതായിരിക്കണം.
കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മാറ്റിവെച്ച കരട് ബില്ല് തിങ്കളാഴ്ച വൈകീട്ട് ചേരുന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ അംഗീകാരത്തിന് വരും. മന്ത്രിസഭ യോഗം അംഗീകരിച്ചാൽ മാർച്ചിൽ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ച് പാസാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.