മലപ്പുറം: മൂന്നുദിവസം പിന്നിട്ടതോടെ ജില്ലയിൽ പ്ലസ് വൺ അപേക്ഷകളുടെ എണ്ണം 49,818 ലെത്തി. ആദ്യദിനം 9,504 പേരായിരുന്നു അപേക്ഷകർ. രണ്ടാം ദിനം അപേക്ഷ 28,143 ലെത്തി. അപേക്ഷ നൽകാൻ ഇനി നാല് ദിവസം കൂടി ബാക്കിയുണ്ട്. മേയ് 20നാണ് അപേക്ഷ സമർപ്പണം അവസാനിക്കുന്നത്. ഇതുവരെ ജില്ലയിൽ എസ്.എസ്.എൽ.സി വിഭാഗത്തിൽ 48,617, സി.ബി.എസ്.ഇ 927, ഐ.സി.എസ്.ഇ എട്ട്, മറ്റ് വിഭാഗങ്ങളിലായി 266 അപേക്ഷകളും നൽകിയിട്ടുണ്ട്. നിലവിലെ കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്.
പാലക്കാട് രണ്ടാമതും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. അപേക്ഷകളുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ജില്ലയിൽ സീറ്റുകളുടെ പ്രതിസന്ധി വർധിക്കും. മാർച്ചിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ഹയർ സെക്കൻഡറിക്ക് 53,936 സീറ്റുകളാണ് ആകെയുള്ളത്. എസ്.എസ്.എൽ.സി കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അപേക്ഷകർ കൂടി വന്നതോടെ നിലവിലെ സീറ്റുകൾ മതിയാകാതെ വരും.
ജില്ലയിൽ സർക്കാർ മേഖലയിൽ 85ഉം എയ്ഡഡിൽ 88ഉം ഹയർസെക്കൻഡറികളിലുമായി 839 സ്ഥിര ബാച്ചുകൾ മാത്രമാണ് നിലവിലുള്ളത്. ജില്ലയിൽ എസ്.എസ്.എൽ.സിയിൽ 40,416 ആൺകുട്ടികൾക്കും 38,856 പെൺകുട്ടികൾക്കുമടക്കം 79,272 കുട്ടികൾക്കാണ് തുടർപഠനത്തിന് അവസരം ലഭിച്ചത്. പത്താംതരത്തിൽ സി.ബി.എസ്.ഇയിൽ 3,351 പേർക്ക് ഉപരി പഠനത്തിന് അവസരം കിട്ടിയിരുന്നു. ഈ അപേക്ഷകർ കൂടി വരുന്നതോടെ സീറ്റ് ലഭ്യത വീണ്ടും പരുങ്ങലിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.