നിയമവിരുദ്ധമായി രൂപീകരിച്ച പി.ടി.എയെ പിരിച്ചു വിടാൻ ഉത്തരവ്

തിരുവനന്തപുരം: ആറ്റിങ്ങൽ ​ഗവ മോഡൽ എച്ച്.എസ്.എസിലെ പി.ടി.എ കമ്മിറ്റി പിരിച്ചുവിട്ടു പുതിയ കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകാൻ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് നൽകി. പി.ടിഎ തിരഞ്ഞെടുപ്പിൽ സ്വജന പക്ഷപാതം നടത്തുകയും, നിലവിലെ നിയമങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തത്.

2024 ജനുവരി മാസം 29 ന് നടന്ന ആറ്റിങ്ങൽ ബോയ്സ് സ്കൂൾ നടന്ന തിരഞ്ഞെടുപ്പാണ് മുൻ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചത്. ജനറൽ ബോഡി നിലവിലെ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ തുടങ്ങി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ച ശേഷം തിരഞ്ഞെടുപ്പിലേക്ക് കടന്നു. ഇതേ അവസരത്തിൽ മൂന്ന് തവണ പൂർത്തിയാക്കിയ മുൻ പ്രസിഡന്റ് വീണ്ടും പ്രസിഡന്റ് അകാൻ വേണ്ടി അധ്യക്ഷനായി ഇരുന്നുകൊണ്ട് തന്നെ ഒരു പാനൽ അവതരിപ്പിക്കുകയും മുന്നിൽ കുറച്ചു പേരെ കൊണ്ടിരുത്തി കൈയടിപ്പിയ്ക്കുകയും ചെയ്യിച്ചു. സദസിൽ നിന്നും ഉണ്ടായ എതിർപ്പുകളെ അവഗണിച്ച് ആ പാനൽ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുകയും മുൻ പ്രസിഡന്റ് സ്വയം മറ്റാരും ഇല്ലാത്തതിനാൽ പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ മാർഗനിർദേശം മറികടന്നു താൻ പ്രസിഡന്റ് അകാൻ പോകുകയാണ് എന്നറിയിച്ചു. ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് പ്രിൻസിപ്പൽ ചോദിയ്ക്കുകയും മാർഗനിർദേശങ്ങൾ വായിക്കുകയും ചെയ്തു. തുടർന്ന് ഒരാൾ എതിർപ്പ് അറിയിച്ചു.ഉടനെ മുൻ പ്രസിഡന്റ് മറ്റൊരാളിന്റെ പേര് നിർദേശിച്ചു. അങ്ങനെ തന്റെ നിയന്ത്രണത്തിലുള്ള ഒരാളെ പ്രസിഡന്റ് ആക്കി സ്വയം വൈസ് പ്രസിഡന്റ് ആകുകയും ചെയ്തു.

2019-20 അധ്യയന വർ, മുതൽ പി.ടി.എയുടെ പ്രസിഡന്റ് ആയിരുന്ന മുൻ പ്രസിഡന്റ് ഇപ്പോഴും അതേ സ്കൂളിൽ വൈസ് പ്രസിഡന്റ് ആയി പി.ടി.എ യുടെ തലപ്പത്തു തുടരുന്നു. ഇവിടെ കൃത്യമായ അധികാര ദുർവിനിയോഗവും മാർഗനിർദേശങ്ങളുടെ ലംഘനവുമാണ് നടന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയായി നൽകിയതോടെയാണ് അന്വേഷിക്കാൻ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് നിർദേശം നൽകിയത്. തുടർന്ന് അദ്ദേഹം നടത്തിയ അന്വേഷണത്തിൽ മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പി.ടി.എ കമ്മിറ്റി തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും, ഉടൻ തന്നെ കമ്മിറ്റി പിരിച്ചു വിട്ടു നിയമ വിധേയമായി കമ്മിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ട് നൽകി.

Tags:    
News Summary - Order to dissolve the illegally constituted PTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.