നീറ്റ് യു.ജി 2025 പെൻ ആൻഡ് പേപ്പർ മോഡിൽ; ഒറ്റ ദിവസം ഒരു ഷിഫ്റ്റിൽ നടത്തും; പ്രഖ്യാപനവുമായി എൻ.ടി.എ

ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഇക്കൊല്ലം പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്താൻ തീരുമാനമായി. ഒ.എം.ആർ ഷീറ്റിലാകും പരീക്ഷ. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്. 

2025ലെ നീറ്റ് യു.ജി പരീക്ഷ പേന, പേപ്പർ മോഡിൽ നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്ക​ണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങൾ ​കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പരീക്ഷ സാധാരണ പോലെ പേന-പേപ്പർ മോഡിൽ തുടരാനുള്ള തീരുമാനം എൻ.ടി.എ സ്വീകരിക്കുകയായിരുന്നു. രാജ്യത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്.

എം.ബി.ബി.എസിനു പുറമെ ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് ആശുപത്രികളിൽ 2025 മുതൽ നടത്തുന്ന ബി.എസ്സി നഴ്സിങ് കോഴ്സുകളിലേക്കുള്ള ​തെരഞ്ഞെടുപ്പും നീറ്റ് വഴിയാകും. നാലു വർഷ ബി.എസ്സി നഴ്സിങ് കോഴ്സുകൾക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്.

മൂന്നു മണിക്കൂർ 20 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈർഘ്യം. 200 ചോദ്യങ്ങളുണ്ടാകും. ഇതിൽ 180 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക് വീതം ലഭിക്കും. തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാർക്ക് വീതമാണുണ്ടാകുക. വിശദ വിവരങ്ങൾ neet.nta.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2024ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പുകളാണ് നടന്നത്.പരീക്ഷക്ക് തൊട്ടുമുമ്പ് ചോദ്യ പേപ്പറുകൾ ചോർന്നതടക്കമുള്ള വാർത്തകളാണ് പുറത്തുവന്നത്. സംഭവത്തിൽ നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടർന്ന് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഉന്നത സമിതിയെ നിയോഗിച്ചിരുന്നു.

Tags:    
News Summary - NEET UG 2025 To Be Conducted In Pen Paper Mode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.