തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ നിലവിലുണ്ടായിരുന്ന മെറിറ്റ് സീറ്റുകൾ കവർന്നെടുത്ത് സാമ്പത്തിക പിന്നാക്ക (ഇ.ഡബ്ല്യു.എസ്) സംവരണത്തിനായി നീക്കിവെച്ച സീറ്റുകളിൽ പകുതിയിലേറെയും ഒന്നാം അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ഒഴിഞ്ഞുകിടക്കുന്നു.
സർക്കാർ സ്കൂളുകളിലെ മെറിറ്റ് സീറ്റിന്റെ 10 ശതമാനമെന്ന നിലയിൽ മൊത്തം 19,798 സീറ്റുകളാണ് നീക്കിവെച്ചത്. ഇതിൽ 9104 സീറ്റുകളിലാണ് അലോട്ട്മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 3733 സീറ്റുകൾ ഏറ്റവും കൂടുതൽ കുട്ടികൾ പുറത്തുനിൽക്കുന്ന മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 4287 സീറ്റുകളാണ് ഇ.ഡബ്ല്യു.എസ് സംവരണത്തിനായുള്ളത്.
ഇതിൽ 554 പേർക്ക് മാത്രമാണ് അലോട്ട്മെന്റ്. കണ്ണൂരിൽ 1324ഉം കോഴിക്കോട് 1080ഉം കാസർകോട് 1022ഉം പാലക്കാട് 983ഉം എറണാകുളത്ത് 646ഉം ഇ.ഡബ്ല്യു.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാമത്തെ അലോട്ട്മെന്റിൽ കൂടി ഈ സീറ്റുകൾ ഇ.ഡബ്ല്യു.എസ് സംവരണത്തിൽ നിലനിർത്തും.
ഇതിനു ശേഷവും ബാക്കി വരുന്ന സീറ്റുകൾ മൂന്നാം അലോട്ട്മെന്റിൽ ജനറൽ മെറിറ്റിലേക്ക് മാറ്റി നികത്തുന്നതാണ് രീതി. സംവരണ വിഭാഗത്തിൽ ആവശ്യക്കാരില്ലാത്ത സീറ്റ് ഒഴിവാക്കിയിടുമ്പോഴാണ് മൂന്നാം അലോട്ട്മെന്റ് വരെ സീറ്റ് ലഭിക്കാതെ ഒട്ടേറെ വിദ്യാർഥികൾ ആശങ്കയിൽ തുടരുന്നത്.
എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഇവ മൂന്നാം അലോട്ട്മെന്റിൽ ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങൾക്കാണ് നൽകുന്നത്. 2020 മുതൽ സംസ്ഥാനത്ത് വിവിധ കോഴ്സുകളിൽ ഇ.ഡബ്ല്യു.എസ് സംവരണം അനുവദിച്ചപ്പോൾ 10 ശതമാനം സീറ്റുകൾ വർധിപ്പിച്ചുനൽകിയിരുന്നു.
എന്നാൽ, എല്ലാവർഷവും നൽകുന്ന ആനുപാതിക സീറ്റ് വർധനക്കപ്പുറം ഒരു സീറ്റോ ബാച്ചുകളോ വർധിപ്പിക്കാതെ, ജനറൽ മെറിറ്റിലെ സീറ്റുകളെടുത്താണ് പ്ലസ് വൺ പ്രവേശനത്തിൽ ഇ.ഡബ്ല്യു.എസ് സംവരണം നടപ്പാക്കിയത്. ഇതുവഴി പൊതു മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ് വന്നത്. സംവരണമില്ലാത്തവർക്കും സംവരണ വിഭാഗത്തിൽ നിന്ന് ജനറൽ മെറിറ്റിൽ പ്രവേശനം നേടേണ്ടവരുമായ കുട്ടികളുടെ അവസരമാണ് ഇതുവഴി കുറഞ്ഞത്. ഈ സീറ്റുകളാണ് സീറ്റില്ലാതെ വിദ്യാർഥികൾ പുറത്തുനിൽക്കുമ്പോൾ രണ്ട് അലോട്ട്മെന്റിൽ ആളില്ലാതെ ഒഴിച്ചിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.