മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ‘മാധ്യമം എജുകഫേ’യിൽനിന്ന്
മലപ്പുറം: അറിവിന്റെയും അവസരങ്ങളുടെയും ‘വിദ്യ’കൾ തുറന്നുകാട്ടി കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള ‘മാധ്യമം’ ഏജുകഫേക്ക് മലപ്പുറത്ത് പ്രൗഢ സമാപനം. മലപ്പുറം റോസ്ലോഞ്ച് ഓഡിറ്റോറിയത്തിൽ രണ്ട് ദിനങ്ങളിൽ ഒഴുകിയെത്തിയ ആയിരങ്ങൾക്ക് ഭാവിയെ ഭദ്രമാക്കാനുള്ള നൂതന ആശയങ്ങളും അറിവുകളും കൈമാറിയാണ് മഹാമേള വിട പറഞ്ഞത്.
കരിയർ പാടവങ്ങളും മോട്ടിവേഷൻ ക്ലാസുകളും സംഗീത വിരുന്നും മെന്റലിസവുമെല്ലാമായി മലപ്പുറത്തിന്റെ ഹൃദയം കീഴടക്കിയാണ് ഇത്തവണ എജു കഫേ കൊട്ടിയിറങ്ങിയത്. ആകർഷകമായ സെഷനുകളും ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും വൈവിധ്യമാർന്ന സ്റ്റാളുകളും വിദ്യാർഥികളുടെ ആശങ്കകൾക്കും പ്രതീക്ഷകൾക്കും ഉത്തരങ്ങൾ നൽകി. പ്രമുഖ സൈബർ ലോ വിദഗ്ധൻ ജിയാസ് ജമാലിന്റെ സൈബർ സുരക്ഷ ക്ലാസോടെയാണ് രണ്ടാംദിനം എജുകഫേക്ക് തുടക്കം കുറിച്ചത്.
രണ്ടാം സെഷനിൽ സൈലം ഡയറക്ടർ ലിജീഷ് കുമാറിന്റെ മനോഹരമായ സെഷന് കണ്ണും കാതും കൂർപ്പിച്ചാണ് സദസ്സൊന്നാകെ ഇരുന്നത്. തന്റെ ജീവിതാനുഭവങ്ങളിലൂടെ വലിയ സന്ദേശങ്ങളാണ് അദ്ദേഹം കുട്ടികളുമായി സംവദിച്ചത്. സൈലം പി.എസ്.സി മേധാവി മൻസൂറലി കാപ്പുങ്ങൽ, കോർപറേറ്റ് പരിശീലകൻ മിഥുൻ മിത്വ, യു.ഡബ്ല്യു.ആർ അക്കാദമിക് ഇന്നൊവേഷൻസ് മേധാവി അഖില ആർ. ഗോമസ്, കരിയർ കൗൺസിലർ ജാഫർ സാദിഖ് പുളിയക്കോട്, ട്രാവൽ വ്ലോഗർ സുജിത് ഭക്തൻ, മോട്ടിവേഷനൽ സ്പീക്കറും മെന്റലിസ്റ്റുമായ താഹിർ ബോണഫൈഡ് തുടങ്ങിയവർ വിവിധ സെഷനുകളിൽ വിദ്യാർഥികളുമായി സംവദിച്ചു.
അറിവിന്റെ ‘വിദ്യ’ കേൾക്കാൾ അലയടിച്ചെത്തിയ ജനസാഗരത്തെ സക്ഷിയാക്കിയാണ് ‘മാധ്യമം’ എജുകഫേ കൊട്ടിയിറങ്ങിയത്. വിദ്യാഭ്യാസ ഭാവിയും കരിയർ സാധ്യതകളും തുറന്ന് കാട്ടിയ എജുകഫേ വിദ്യാർഥികളും രക്ഷിതാക്കളും അക്ഷരാർഥത്തിൽ നെഞ്ചേറ്റിയ കാഴ്ചയാണ് കണ്ടത്.
രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതൽ തന്നെ വിദ്യാർഥികളുടെ നീണ്ട നിരയാണ് രജിസ്ട്രഷൻ കൗണ്ടറിന് മുന്നിലും സ്റ്റാളുകളിലും കണ്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാൽ റോസ് ലോഞ്ച് ഓഡിറ്റോറിയവും പരിസരവും നിറഞ്ഞിരുന്നു. മനം നിറഞ്ഞ സെഷനുകളും ഉൾതുറന്ന ചർച്ചകളുമായി അറിവിന്റെ മഹാ ഉത്സവമായി മാറുകയായിരുന്നു ‘മാധ്യമം’ എജുകഫേ.
അധ്യാപകജീവിതത്തിൽ അനുഭവിച്ചറിഞ്ഞ വിജയക്കഥകൾ പങ്കുവെച്ച സൈലം ഡയറക്ടർ ലിജീഷ് കുമാർ സദസ്സിന് പ്രചോദന പാഠങ്ങൾ പകർന്നുനൽകി. ജീവിതയാഥാർഥ്യങ്ങളിലെ പ്രതിസന്ധികളിൽ തളരാതെ വിജയസോപാനങ്ങൾ കീഴടക്കിയവരുടെ അറിവനുഭവങ്ങൾ സദസ്സിന് പുത്തനുണർവേകി. ജീവിതത്തിൽ തോൽവിയും ജയവും തീരുമാനിക്കുന്നത് നമ്മൾ തന്നെയാണെന്ന് അദ്ദേഹം പങ്കുവെച്ചു.
ലിജീഷ് കുമാർ (ഡയറക്ടർ, സൈലം)
എവിടെ നിന്ന് സ്വപ്നം കാണണം എന്ന് പറയാൻ ആളുകളുണ്ടാകും. തടസ്സങ്ങളും പ്രയാസങ്ങളും കൂടെയുണ്ടാവും. പാഷനിൽ ഉറച്ചുനിൽക്കുക എന്നുള്ളതാണ് പ്രധാനം. ഏതൊരു ജീവിത സാഹചര്യത്തിൽ നിന്നാണെങ്കിലും പാഷനിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ വിജയിക്കും.
എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സാധിക്കും. നമ്മൾ ഓരോരുത്തരും വലിയവനാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഉള്ളിൽ അടങ്ങാത്ത സ്വപ്നമുണ്ടെങ്കിൽ ലോകം മുഴുവൻ എതിർത്താലും നിങ്ങളത് നേടുകതന്നെ ചെയ്യും. ഒന്നുമില്ലായ്മയിൽ നിന്നും വിജയഗാഥ രചിച്ചവർ ഏറെയുണ്ട്. ഒരാൾ തോൽക്കണമെന്ന് തീരുമാനിച്ചാൽ അയാൾ തോൽക്കും. മറിച്ച് ജയിക്കണമെന്ന് തീരുമാനിച്ചാൽ ആർക്കും തോൽപിക്കാനാവില്ല. തീരുമാനിക്കേണ്ടത് നമ്മളാണ്.
കൗമാരക്കാരിലെ മാനസികാരോഗ്യത്തിന്റെ പുത്തൻ മാറ്റങ്ങളെ കുറിച്ചുള്ള തുറന്ന ചർച്ചവേദിയായി മാധ്യമം എജു കഫേ. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. മിലു മറിയ ആന്റോ, ഫാമിലി തെറപിസ്റ്റ് ഹരി ജയരാമൻ, ഐ.സി.എഫ് ലൈഫ് കോച്ച് അമൃത ജെ. ആന്റണി എന്നിവരാണ് ‘കൗമാര മാനസികാരോഗ്യവും വെല്ലുവിളികളും’ വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്.
മാധ്യമം എജു കഫേയിൽ നടന്ന ‘കൗമാര മാനസികാരോഗ്യവും വെല്ലുവിളികളും’ സെഷനിൽനിന്ന്
കൗമാരമാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം. മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തെ പോലെ പ്രധാനമാണ്. കുട്ടികളുടെ മനസ്സിനേൽക്കുന്ന മുറിവുകൾ അവരുടെ പഠനത്തെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കും. കുട്ടികളുടെ മനസ്സ് മനസ്സിലാക്കേണ്ട ആദ്യത്തെ ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് തന്നെയാണ്. കുട്ടികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അവർ പലകാര്യങ്ങളും രക്ഷിതാക്കളോടും പങ്കുവെക്കാൻ മടികാണിക്കാറുണ്ട്.
കോവിഡിന് ശേഷം കുട്ടികളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ലഹരിയാണ് ഇന്നത്തെ പുതുതലമുറ നേരിടുന്ന വലിയ വെല്ലുവിളി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ ലഹരിക്കടിമപ്പെടുന്ന കാലമാണ്. മാനസിക പ്രശ്നങ്ങൾ കുട്ടികളെ ലഹരിപോലുള്ള ആപത്തുകളിൽ എത്തിക്കുന്നുണ്ട്. സമൂഹത്തിന് ഇത്തരം കാര്യങ്ങളിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പുതുതലമുറക്ക് ഒരു പഴഞ്ചൻ ഏർപ്പാടാണ് പി.എസ്.സി. എന്നാൽ സർക്കാറുകൾ നാട്ടിൽ നിലനിൽക്കുന്ന കാലത്തോളം സർക്കാർ ജീവനക്കാരുടെ ജീവിതം സുരക്ഷിതമാണെന്ന് സൈലം പി.എസ്.സി തലവൻ മൻസൂർ അലി കാപ്പുങ്ങൽ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ ഉണ്ടാവുന്ന സാഹചര്യങ്ങളാണ് ഏതൊരു മനുഷ്യനെയും വിജയത്തിന്റെ പാതയിലേക്ക് നയിക്കുന്നത്.
മൻസൂറലി കാപ്പുങ്ങൽ (സൈലം പി.എസ്.സി ഹെഡ്)
ഏതൊരാളും ഏത് ജോലിക്കു വേണ്ടി ഇറങ്ങിത്തിരിച്ചാലും പിന്തിരിപ്പിക്കാനും അതുപോലെ കുത്തുവാക്കുകൾ പറയാനും ഒരുപാട് ആളുകളുണ്ടാവും. ആ പരിഹാസങ്ങളും കുത്തുവാക്കുകളും നമുക്കുള്ള മോട്ടിവേഷനായി കാണണം. നല്ല കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഒരുപാട് കാരണം ഉണ്ടാവും. എന്നാൽ, മുന്നോട്ടുപോവാൻ ഒരു കാരണം മാത്രമേ കാണൂ. നമ്മുടെ കഴിവിൽ വിശ്വസിക്കുക. അതാവണം നമുക്ക് മുന്നോട്ടു പോവാനുള്ള ഒരേയൊരു കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഫഷനൽ കോമേഴ്സ് കോഴ്സുകളുടെ സാധ്യതകളും പുതുമകളും പറഞ്ഞ് മോട്ടിവേഷനൽ സ്പീക്കറും കോർപറേറ്റ് ട്രെയ്നറുമായ മിഥുൻ മിത്വ. കോമേഴ്സ് മേഖലയിലെ സി.എ, എ.സി.സി.എ, സി.എം.എ കോഴ്സുകളുടെ അവസരങ്ങളും വെല്ലുവിളികളും വിവരിക്കുന്നതിനോടൊപ്പം കോമേഴ്സ് മേഖലയിലെ എ.ഐ ആഘാതങ്ങളും എ.ഐ എങ്ങനെ ബീറ്റ് ചെയ്യാൻ പറ്റുമെന്നും അദ്ദേഹം വിശദീകരിച്ചു.
മിഥുൻ മിത്വ (കോർപറേറ്റ് ട്രെയിനർ)
എ.ഐ വന്നാലും കോമേഴ്സ് മേഖലയിൽ വലിയ സാധ്യതകൾ ഉണ്ട്. ബിസിനസ് വിജയിക്കാൻ ഐഡിയ മാത്രം പോരാ അത് പ്രാവർത്തികമാക്കാൻ അറിയണം. പ്രഫഷനൽ കോഴ്സുകൾക്ക് എന്നും മുൻഗണനയുണ്ട്. മറ്റേതു ഡിഗ്രി കോഴ്സ് പഠിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം കൂട്ടാനും പഠനത്തോടൊപ്പം ജോലി ചെയ്യാനും വിദേശത്ത് ജോലി ചെയ്യാനും കോമേഴ്സ് കോഴ്സുകൾ സാധ്യത ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാക്കിങ്ങിനായല്ല സൈബർ സുരക്ഷ പഠിക്കേണ്ടത്. സൈബർ സെക്യൂരിറ്റി ഉത്തരവാദിത്തത്തോടെ സമീപിക്കേണ്ട മേഖലയാണ്. ഡിജിറ്റൽ യുഗത്തിൽ സ്വന്തം സൈബർ സുരക്ഷ ഒരുക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. സ്മാർട് ഫോൺ 100 ശതമാനം സുരക്ഷിതമായ ഡിവൈസാണെന്ന് ഒരിക്കലും പറയാനാവില്ല.
ജിയാസ് ജമാൽ (സൈബർ ലോ സ്പെഷലിസ്റ്റ്)
എന്നാലും കൃത്യമായി ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഹാക്കിങ് പ്രവർത്തനങ്ങൾ തടയാൻ കഴിയും. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമെല്ലാം കൃത്യമായ സെക്യൂരിറ്റി പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്. ഡിജിറ്റൽ ഡിവൈസുകൾ കൈകാര്യ ചെയ്യുന്നതിൽ പലർക്കും വീഴ്ച സംഭവിക്കുന്നുണ്ട്. എന്തു കിട്ടിയാലും ഡൗൺലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ നിൽക്കരുത്. സൈബർ തട്ടിപ്പുകൾ സംഭവിച്ചു കഴിഞ്ഞാൽ സർക്കാർ പോർട്ടലുകളിൽ അത് വേഗത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിയണം.
വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും പുത്തൻ അറിവികളും പങ്കുവെച്ച് കരിയർ കൗൺസിലർ ജാഫർ സാദിഖ് പുളിയക്കോട്. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. സ്വന്തമായി വ്യക്തിത്വവും അസ്ഥിത്വവുമെല്ലാം മനുഷ്യനെ വേറിട്ടതാക്കുന്നു. ജീവിതത്തിൽ വ്യത്യസ്ത കഴിവുകൾ ആർജിച്ചെടുക്കണം.
ജാഫർ സാദിഖ് പുളിയക്കോട് (കരിയർ കൗൺസിലർ -സിജി)
കരിയർ തെരഞ്ഞെടുക്കുമ്പോൾ പല ചതിക്കുഴികളും നമ്മളെ കാത്തിരിക്കുന്നുണ്ടാവും. സ്കോളർഷിപ്പുകളും വാഗ്ദാനങ്ങളും മാത്രം നോക്കി കോഴ്സുകൾ തെരഞ്ഞെടുക്കരുത്. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന വ്യത്യസ്ത കോഴ്സുകളെ കുറിച്ചും അവ പഠിപ്പിക്കുന്ന യൂനിവേഴ്സിറ്റികളെ കുറിച്ചും അവസരങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇനി വരാനുള്ളത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സമഗ്രാധിപത്യമാണ്. എല്ലാ മേഖലകളിലും എ.ഐക്ക് അതിന്റേതായ ഇടപെടലുകൾ നടത്താൻ കഴിയും. എ.ഐ പരിജ്ഞാനം ഏത് ജോലിയേയും നിങ്ങൾക്ക് എളുപ്പമാക്കും. ജോലികളുടെ വൈവിധ്യങ്ങൾ പുതുതലമുറക്ക് പകർന്നുകൊടുക്കലാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്.
അഖില ആർ. ഗോമസ് (അക്കാദമിക് ഇന്നൊവേഷൻസ് മേധാവി,യു.ഡബ്ല്യൂ.ആർ)
എ.ഐ മനുഷ്യന്റെ പരിമിതികളെ മറയ്ക്കാനും കൂടുതൽ ക്രിയാത്മകമാക്കാനും നിങ്ങളെ സഹായിക്കും. നിലവിലുള്ള ജോലികൾ ഇല്ലാതാക്കലല്ല മറിച്ച് മനുഷ്യന്റെ അധ്വാനത്തെ കുറക്കുകയാണ് എ.ഐ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.