‘മാധ്യമം എജു കഫേ’യിൽ നടന്ന ടോപ്പേഴ്സ് ടോക്കിൽനിന്ന്
ജിദ്ദയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സമയത്ത് ഗൾഫ് മാധ്യമത്തിന്റെ എജു കഫേയിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. അന്നുതന്നെ മനസ്സിൽ പതിഞ്ഞ പരിപാടിക്ക് ഏറെ പ്രതീക്ഷയോടെയാണ് വന്നത്. രണ്ട് ദിവസവും വളരെ നല്ല സെഷനുകളാണ് കഴിഞ്ഞത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ എജുക്കേഷൻ ഫെസ്റ്റിവലാണ് ഇതെന്ന് നിസ്സംശയം പറയാൻ കഴിയും.
ഹംദ ഒലിപ്പുഴ
തുടർപഠനത്തിന്റെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനായി. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളെ കുറിച്ച് വിശദമായ വിവരങ്ങൾ ലഭിച്ചു. കൃത്യമായ പ്ലാനിങ്ങോടെ പഠനകാര്യങ്ങൾ ശ്രദ്ധിക്കാൻ എജുകഫേ കാരണമായി.
അലീഫ് ഹസൻ പെരിയമ്പലം
കോഴ്സുകളുടെ വിവിധ സാധ്യതകളെ കുറിച്ച് അറിയാനും തെരഞ്ഞെടുക്കുന്നതിലുള്ള ആശയക്കുഴപ്പവും മാറി. വിവിധ സെഷനിലൂടെ നിർമിത ബുദ്ധിയുടെ പ്രധാന്യവും സാധ്യതകളും മനസ്സിലാക്കാനായി.
മുഹമ്മദ് അമീൻ പയ്യനാട്
മലപ്പുറം: വിവിധ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥി-യുവ പ്രതിഭകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച ‘ടോപ്പേഴ്സ് ടോക്ക്’ പകർന്നുനൽകിയത് അതിരില്ലാത്ത നിറയറിവ്. മസ്കിലോ ഡിസ്ട്രോഫി അവസ്ഥയിലൂടെ കടന്നുപോയിട്ടും ജീവിതം പ്രയാസത്തിലായിട്ടും നിരവധി നേട്ടങ്ങൾ എത്തിപ്പിടിച്ച നുസ്റത്ത് വഴിക്കടവിന്റെ ജീവിതയാത്ര സദസ്സിന് പ്രചോദനമായി.
ജീവിത പ്രതിസന്ധികളിൽ പകച്ച് നിൽക്കാതെ ഇച്ഛാശക്തി കൊണ്ട് സ്വപ്നങ്ങളിലേക്ക് നടന്നടുക്കണമെന്ന് നുസ്റത്ത് പറഞ്ഞു. ജെ.ഇ.ഇ മെയിൻ ബി.ആർക് പ്രവേശന പരീക്ഷയിൽ അഭിമാന നേട്ടം കൊയ്ത വിദ്യാർഥിനിയായ മലപ്പുറം പുലാമന്തോൾ സ്വദേശിനി കെ. ഫാത്തിമ നസ്റിൻ തന്റെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
ഓട്ടിസത്തിന്റെ വകഭേദമായ ആസ്പേർജേഴ്സ് സിൻഡ്രോം എന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടും ശാരീരിക പ്രയാസങ്ങൾക്കിടയിലും സംഗീതത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത ഗായകൻ നിരഞ്ജൻ തന്റെ സ്വരമാധുര്യം കൊണ്ട് സദസ്സിന്റെ കൈയടി നേടി. 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പോടു കൂടി ബംഗളൂരു അസിം പ്രേംജി യൂനിവേഴ്സ്റ്റിയിൽ ബിരുദ പ്രവേശനം ലഭിച്ച ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശി മുഹമ്മദ് അഫ്സലും ടോപ്പേഴ്സ് ടോക്കിലെത്തി.
മികച്ച സ്വപ്നങ്ങൾ കാണണമെന്നും സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ഉൾപ്പെടെയുള്ള അവസരങ്ങളെ തിരിച്ചറിയണമെന്നും അഫ്സൽ പറഞ്ഞു. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷാദി ബഷീറും സദസ്സുമായി സംവദിച്ചു. പഠന മികവിന് താൻ സ്വീകരിച്ച രീതിശാസ്ത്രത്തെ കുറിച്ചും അറിവനുഭവങ്ങളും പകർന്നുനൽകി.
മലപ്പുറം: മെന്റലിസത്തിലൂടെ സദസ്സിന്റെ മനസ്സ് വായിച്ച് താഹിർ ബോണഫൈഡ്. എജ്യൂകഫെയുടെ അവസാന സെഷനായ മൈന്റ് ഓവർ മാറ്ററിലാണ് പരിപാടിക്കെത്തിയ ശ്രോതാക്കളുടെ മനസ്സിലുള്ള കാര്യങ്ങൾ പ്രവചിച്ച് താഹിർ സദസ്സിനെ അമ്പരപ്പിച്ചത്.
വിവിധങ്ങളായ രീതിയിൽ അവതരിപ്പിച്ച പരിപാടിയുടെ ഭാഗവാക്കാകാൻ സദസ്സിൽ നിന്നും നിരവധി പേരാണ് സ്റ്റേജിലേക്ക് ഓടിക്കയറിയത്. ശ്രോതാക്കളുടെ മനസ്സിൽ കാണാൻ ആഗ്രഹിച്ച ആളുകളെയും സ്ഥലവും സംഖ്യയുമെല്ലാം കൃത്യമായി പ്രവചിക്കാൻ താഹിറിന് കഴിഞ്ഞു.
‘മാധ്യമം എജു കഫേ’യിൽ താഹിർ ബോണഫൈഡ് അവതരിപ്പിച്ച മൈൻഡ് ഒാവർ മാറ്റർ സെഷനിൽനിന്ന്
പരിപാടിക്കെത്തിയ രക്ഷിതാവിന്റെ കൈവിരലിലെ മോതിരം അപ്രത്യക്ഷമാക്കിയും പിന്നീട് കണ്ടെടുത്തും താഹിർ കൈയടി നേടി. ഓരോ പ്രവചനങ്ങളെയും ഏറെ ആകാംക്ഷയോടെയും ആശ്ചര്യത്തോടെയുമാണ് സദസ്സ് സ്വീകരിച്ചത്.
മലപ്പുറം: വിവിധ രാജ്യങ്ങളിലൂടെയുള്ള തന്റെ സഞ്ചാരാനുഭവങ്ങൾ കൊണ്ട് എജു കഫേയിലെത്തിയവരെ മുഴുവൻ യാത്രാപ്രേമികളാക്കി ട്രാവൽ വ്ലോഗർ സുജിത് ഭക്തൻ. സന്ദർശിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈവിധ്യങ്ങളും അനുഭവങ്ങളുമെല്ലാം സദസ്സ് ഇരുകൈയും നീട്ടി സ്വീകരിച്ചു.
സുജിത് ഭക്തൻ
ബംഗളൂരുവിലെ പഠനക്കാലം മുതൽ അവസാനമായി ചെയ്ത യാത്രവരെ സുജിത് ഭക്തൻ ശ്രോതാക്കൾക്ക് പകർന്നുനൽകി. യാത്രകളിൽ അനുഭവിച്ചറിഞ്ഞ മലയാളി സാന്നിധ്യത്തെക്കുറിച്ചും സംസ്കാര വൈജാത്യങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
യാത്രകളെ കുറിച്ചും പാഷനെ കുറിച്ചുമെല്ലാം സദസ്സും അഭിപ്രായങ്ങൾ ആരാഞ്ഞു. യാത്രകളെ കുറിച്ചെഴുതിയ പുസ്തകങ്ങളും പഴയ കാലത്തെ ബ്ലോഗെഴുത്തുമെല്ലാം ചർച്ചയിൽ കടന്നുവന്നു. ഇഷ്ടങ്ങൾക്കു പിറകെ പോവണമെന്നും തെരഞ്ഞടുത്തത് തെറ്റിയാൽ തിരുത്താനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.