മാധ്യമം എജുകഫേ 2025ന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു.മാധ്യമം ബിസിനസ് സൊലൂഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്ട്, മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് ജുനൈസ് കെ., സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ, സൈലം മാർക്കറ്റിങ് കാറ്റഗറി ഹെഡ് സൂരജ് ടി.പി, കെ.പി.എ. മജീദ് എം.എൽ.എ, റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, മാധ്യമം ലേഖകൻ പ്രമേഷ് കൃഷ്ണ എന്നിവർ സമീപം
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം ‘എജുകഫേ’ വീണ്ടുമെത്തുന്നു. വിജയകരമായ 11 വർഷം പിന്നിടുന്ന മാധ്യമം എജുകഫേ ഇത്തവണ അഞ്ച് വേദികളിലായി അരങ്ങേറും. നൂതന പഠന-കരിയർ സാധ്യതകൾ ഉൾക്കൊള്ളിച്ച പുത്തൻ പതിപ്പായ മാധ്യമം എജുകഫേ 2025ന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മലപ്പുറത്ത് നിർവഹിച്ചു.
മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുന്നതിനും ദേശീയവും അന്തർദേശീയവുമായ സ്ഥാപനങ്ങളിലെ മെച്ചപ്പെട്ട തൊഴിലവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ വിദ്യാർഥികൾക്ക് നടന്നുകയറാനുമുള്ള അവസരമാണ് എജുകഫേ. പുതിയ കാലത്തിനും പുതിയ ലോകത്തിനും അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ- തൊഴിലവസരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന അസുലഭ അവസരമായി എജുകഫേയെ വിദ്യാർഥികൾ ഏറ്റെടുക്കട്ടേയെന്നും മന്ത്രി പറഞ്ഞു.
മാധ്യമം എജുകഫേയുമായി വീണ്ടും ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ പറഞ്ഞു. മുൻവർഷങ്ങളിലും സൈലം, എജുകഫേയുടെ ഭാഗമായിരുന്നു. സൈലത്തിന്റെ വളർച്ചയിൽ വളരെയേറെ പങ്കുവഹിച്ച ഘടകങ്ങളിലൊന്നാണ് എജുകഫേ. വിദ്യാർഥികൾക്ക് ഏറെ കരിയർ അവസരങ്ങൾ ഒരുക്കുന്ന എജുകഫേ എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തണമെന്നും മുഹമ്മദ് ജാബിർ കൂട്ടിച്ചേർത്തു.
കെ.പി.എ. മജീദ് എം.എൽ.എ, മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് ജുനൈസ് കെ., റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ, സൈലം മാർക്കറ്റിങ് കാറ്റഗറി ഹെഡ് സൂരജ് ടി.പി, മാധ്യമം ബിസിനസ് സൊലൂഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്ട്, മാധ്യമം ലേഖകൻ പ്രമേഷ് കൃഷ്ണ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജി.സി.സി രാജ്യങ്ങളിലും കേരളത്തിലും ഏറ്റവും വലിയ എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ എന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞ മാധ്യമം ‘എജുകഫേ’ ഇതിനോടകംതന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഹൃദയത്തിൽ ഇടംപിടിച്ചുകഴിഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്കും, ഏത് കരിയർ തിരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിൽ നിൽക്കുന്നവർക്കും മത്സര പരീക്ഷകൾ നേരിടാനൊരുങ്ങുന്നവർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായാണ് എജുകഫേ എത്തുക. ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ കോഴിക്കോട്ടും 11, 12 തീയതികളിൽ കണ്ണൂരും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ അരങ്ങേറും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ് സംബന്ധമായ കരിയറും പഠന സാധ്യതകളും വിശകലനം ചെയ്യുന്ന നിരവധി സെഷനുകൾ എജുകഫേയുടെ ഭാഗമായി നടക്കും. അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധനേടിയ വിദഗ്ധരായിരിക്കും സെഷനുകൾ നയിക്കുക. വിദേശ പഠന സാധ്യതകൾ, വിസ പ്രൊസസിങ്, വിദേശ സർവകലാശാല അഡ്മിഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം സംവിധാനവുമുണ്ട്.
കരസേന, നാവികസേന, വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയറുമായി ബന്ധപ്പെട്ട സ്റ്റാളുകളും കരിയർ സാധ്യതകൾ ചർച്ചചെയ്യുന്ന സെഷനുകളും എജുകഫേയുടെ ഭാഗമാവും. കേന്ദ്ര സർവകലാശാല പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകാൻ വിദഗ്ധർ എജുകഫേയിലെത്തും.
സിവിൽ സർവിസ് പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനുള്ള സിവിൽ സർവിസ് സെഷൻ എജുകഫേയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. മെഡിക്കൽ, എൻജിനീയറിങ് രംഗത്തെ പഠന-കരിയർ സാധ്യതകൾ സംബന്ധിച്ച സെഷനുകളും സ്റ്റാളുകളും എജുകഫേയിലുണ്ടാകും. കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് സാധ്യതകൾ, സൈക്കോളജി എന്നിവയും വിവിധ സ്റ്റാളുകളായും സെഷനുകളായും വിദ്യാർഥികൾക്കുമുന്നിലെത്തും.
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ എന്നിവയും എജുകഫേയിൽ അരങ്ങേറും. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർമാരുമായി സംവദിക്കാനുള്ള അവസരവും വിദേശ സർവകലാശാലകളിൽനിന്നടക്കമുള്ള പ്രതിനിധികളെ നേരിട്ടുകണ്ട് സംശയനിവാരണത്തിനുള്ള സൗകര്യവും എജുകഫേയിലുണ്ടാകും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ എജുകഫേയുടെ മുഖ്യ പ്രായോജകരാണ് സൈലം. സൈലം മൂന്നാം തവണയാണ് എജുകഫേയുടെ മുഖ്യ പ്രായോജകരായി എത്തുന്നത്.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം.
കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.