മലപ്പുറത്തെ സീറ്റ് കുറവ്; കണക്ക് സുപ്രീംകോടതിക്ക് മുന്നിൽ

ന്യൂഡൽഹി: കേരളത്തിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ മലപ്പുറം ജില്ലയിൽ പ്ലസ് ടു പഠിക്കാൻ മതിയായ സീറ്റില്ലെന്നതിന്റെ വിശദമായ കണക്ക് സുപ്രീംകോടതി അഭിഭാഷകരായ ശ്യാം ദിവാനും അഡ്വ. സുൽഫിക്കർ അലിയും ബെഞ്ചിന് മുമ്പാകെ വെച്ചു. 2021-22 അധ്യയന വര്‍ഷം മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സിലബസില്‍ 71,625 പേർ പത്താം ക്ലാസ് പാസായത്. ഈ വര്‍ഷം അത് 75,000 കടന്നിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ മറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇതിന് പുറമെ. അവർക്കെല്ലാം ജില്ലയില്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം കേവലം 65,035 ആണ്. അതേസമയം 35,949 പേർ പത്താം തരം പാസായ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 37,840 സീറ്റുണ്ട്. 14,515 പേർ ജയിച്ച പത്തനംതിട്ടയിൽ 16,121 സീറ്റുകളുണ്ട്. പാലക്കാട് തൊട്ട് കാസർകോട് വരെയുള്ള മലബാറിലെ ജില്ലകളിലാണ് സീറ്റുകൾ കുറഞ്ഞുവരുന്നതെന്നും പല വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനം ബുദ്ധിമുട്ടാകുമെന്നും ഇരുവരും ബോധിപ്പിച്ചു.

മൂന്നിയൂർ പഞ്ചായത്തിൽ അധിക ബാച്ചുകൾ അനുവദിക്കാൻ വിദഗ്ധ സമിതി ശിപാർശ ചെയ്തതാണെന്ന് അഡ്വ. സുൽഫിക്കർ അലി ബോധിപ്പിച്ചു. ഈ പഞ്ചായത്തിൽ വേറെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഇല്ല. അതിനാൽ, ഈയൊരു എയ്ഡഡ് സ്കൂളിലെ അധിക ബാച്ച് അനുവദിക്കാൻ കഴിയൂ. അതുകൊണ്ട്, മൂന്ന് അധിക ബാച്ചുകൾ മൂന്നിയുർ സ്കൂളിന് ഹൈകോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നു. എന്നാൽ, സർക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നയപരമായ വിഷയത്തിൽ ഇടപെടേണ്ടതില്ല എന്ന് വ്യക്തമാക്കി ഇത് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അധിക ബാച്ചിനു പകരം അധിക സീറ്റ് മതിയെന്ന സർക്കാർ നിലപാട് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. അതോടൊപ്പം മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ കുറവാണെന്നും ആ കുറവുകൾ നികത്തണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു. അതിനാൽ, സിംഗിൾ ബെഞ്ച് ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് അഡ്വ. സുൽഫിക്കർ അലി ബോധിപ്പിച്ചു.

സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന അധിക ബാച്ച് സ്വകാര്യമേഖലക്ക് നൽകണമെന്ന് തങ്ങൾക്ക് നിർദേശിക്കാനാവില്ല എന്ന് സുപ്രീംകോടതിയും ആവർത്തിച്ചു. അതേസമയം, നയപരമായ തീരുമാനത്തിന്‍റെ പേരിൽ മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ആവശ്യകത സംസ്ഥാന സർക്കാറിന് പരിഗണിക്കാതിരിക്കാനാവില്ല എന്ന് ബെഞ്ച് സർക്കാറിനെ ഓർമിപ്പിച്ചു. അത് പരിഗണിച്ച് കൂടുതൽ എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് ഉത്തരവ്.

Tags:    
News Summary - Less seats in Malappuram; Account before the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.