തിരുവനന്തപുരം: അന്തരീക്ഷ താപനില അസാധാരണമാംവിധം ഉയരുന്നതിനിടെ സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾ പരീക്ഷച്ചൂടിലേക്ക്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കൊപ്പം ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷകളും ആരംഭിക്കുന്നത് ആശങ്ക പരത്തി ഉയരുന്ന ചൂടിനിടയിലാണ്.
മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, 10ന് തുടങ്ങുന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കം പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 13 മുതലാണ് വാർഷിക പരീക്ഷകൾ.
ചൂട് കനത്ത സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യം ഉൾപ്പെടെ പരീക്ഷ ഹാളിൽ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊലീസിെൻറ സേവനം പരീക്ഷ കേന്ദ്രങ്ങൾക്ക് സമീപം ലഭ്യമാക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 29നും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 30നും അവസാനിക്കും.
രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂല്യനിർണയം 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിക്കും. ടാബുലേഷൻ ഏപ്രിൽ അഞ്ചു മുതൽ പരീക്ഷഭവനിൽ ആരംഭിക്കും.
എസ്.എസ്.എൽ.സിക്ക് 2,960 കേന്ദ്രങ്ങളിൽ റെഗുലറായി 4,19,362ഉം പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഗൾഫിൽ 518 പേരും ലക്ഷദ്വീപിൽ 289 പേരും പരീക്ഷയെഴുതും. 2,023 കേന്ദ്രങ്ങളിലായി ഹയർസെക്കൻഡറിയിൽ 4,25,361 പേർ പ്ലസ് വൺ, 4,42,067 പേർ പ്ലസ് ടു പരീക്ഷകൾ എഴുതും. 389 കേന്ദ്രങ്ങളിലായി വി.എച്ച്.എസ്.ഇ ഒന്നാം വർഷത്തിൽ 28,820ഉം രണ്ടാം വർഷത്തിൽ 30,740 ഉം പരീക്ഷക്ക് ഹാജരാകും.ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ മേയ് ആദ്യവാരം വരെ 80 ക്യാമ്പുകളിലായി നടത്തും. 25,000 അധ്യാപകരെ ഇതിനായി നിയോഗിക്കും. വി.എച്ച്.എസ്.ഇ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ എട്ടു കേന്ദ്രങ്ങളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.