കാസർകോട്: രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് രാജിവെച്ച കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ച് കേരള കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മന്ത്രിക്ക് അഭിനന്ദനവും ആശംസകളും അറിയികൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ കമന്റ് ബോക്സിൽ ശക്തമായ പ്രതിഷേധമാണ് വിദ്യാർഥികൾ അടക്കമുള്ളവർ ഉയർത്തുന്നത്.
ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലയളവിൽ സർവകലാശാലയിലെ അക്കാദമിക് പദ്ധതികളുടെ വിപുലീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്രസർക്കാരിന്റെ വലിയ പിന്തുണ ലഭിച്ചതായി പോസ്റ്റിൽ പറയുന്നുണ്ട്.
അതോടൊപ്പം, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചതായും രാജ്യത്ത് സമഗ്രവും ബഹുവിഷയാധിഷ്ഠിതവും നൈപുണ്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകിയതായും സർവകലാശാല പറയുന്നുണ്ട്. രാജ്യത്തിനും ഉന്നത വിദ്യാഭ്യാസ മേഖലക്കും നൽകിയ അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകൾക്ക് സർവകലാശാല ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നതായും പോസ്റ്റിൽ പറയുന്നു.
എന്നാൽ പോസ്റ്റിനടിയിൽ വിദ്യാർഥികൾ അടക്കമുള്ളവർ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ‘നല്ല സങ്കടം ഉണ്ടല്ലേ, മാറിയിരുന്ന് കരയൂ’ എന്നാണ് ഒരു കമന്റ്. ‘അധികാരം താൽക്കാലികമാണ്. പക്ഷേ വിദ്യാർഥികളുടെ ശബ്ദം ശാശ്വതമാണ്’ എന്നോർമിച്ചാണ് മറ്റൊരു കമന്റ്. ‘നീറ്റ് ക്രമക്കേടുകളും മറ്റു വീഴ്ചകളും മൂലം നിരവധി വിദ്യാർഥികളുടെ ജീവൻ നഷ്ടമായ സാഹചര്യത്തിലും, അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ വിമർശനങ്ങൾ നേരിട്ട ഒരു രാഷ്ട്രീയ നേതാവിനെ പ്രശംസിക്കാൻ സർവകലാശാല തയ്യാറാകുന്നത് അത്യന്തം ലജ്ജാകരമാണ്. വിദ്യാർഥികളുടെ വേദനയെയും നീതിക്കായുള്ള അവരുടെ ശബ്ദത്തെയും അവഗണിക്കുന്ന ഇത്തരം നിലപാടുകൾ ഒരിക്കലും അംഗീകരിക്കാനാവില്ല.’ എന്നാണ് മറ്റൊരാളുടെ കമന്റ്. പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടും നിരവധിപേർ കമന്റ് ബോക്സിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.