കെ മാറ്റ് ജനുവരി 25ന്; 15 വരെ അപേക്ഷിക്കാം

എം.ബി.എ പ്രവേശനത്തിനായുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെമാറ്റ്-2026) ഓൺലൈനിൽ ജനുവരി 15 വൈകീട്ട് 4 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.inൽ ലഭിക്കും. അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി വിഭാഗത്തിന് 500 രൂപ മതി. പട്ടികവർഗക്കാർക്ക് ഫീസില്ല.

യോഗ്യത: ആർട്സ്, സയൻസ്, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് മുതലായ ഡിസിപ്ലിനുകളിൽ അംഗീകൃത ബിരുദം. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.

പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത ‘കെമാറ്റ് ’ ജനുവരി 25ന് പ്രവേശന പരീക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഇംഗ്ലീഷ് (50 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50), ഡേറ്റാ ഡഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ് (40), പൊതുവിജ്ഞാനം (40) എന്നിവയിൽ മൊത്തം 180 ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് നാലു മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും.

യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിൽ മിനിമം 10 ശതമാനം (72 മാർക്ക്), എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾ 7.5 ശതമാനം (54 മാർക്ക്) കരസ്ഥമാക്കിയാൽ മതി.

‘കെ-മാറ്റ് സ്കോർ’ കേരളത്തിലെ സർവകലാശാലകളും വകുപ്പുകളും അഫിലിയേറ്റഡ് കോളജുകളും സ്വയംഭരണ കോളജുകളും എം.ബി.എ/മാനേജ്മെന്റ് പി.ജി കോഴ്സ് പ്രവേശനത്തിന് പരിഗണിക്കുന്നതാണ്. ഉയർന്ന സ്കോർ പരിഗണിച്ച് ഗ്രൂപ് ചർച്ചയും ഇന്റർവ്യൂവും നടത്തിയാവും പ്രവേശനം. അതത് വാഴ്സിറ്റി/സ്ഥാപനങ്ങൾ നിഷ്‍കർഷിക്കുന്ന യോഗ്യതകളുണ്ടാകണം.

Tags:    
News Summary - K-MAT on January 25th; applications can be submitted until the 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.