ദുബൈ: ഐ.ഐ.ടി ഡൽഹിക്ക് പിന്നാലെ ഇന്ത്യയിൽനിന്ന് മറ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൂടി യു.എ.ഇയിൽ ഓഫ് കാമ്പസ് തുടങ്ങുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.എ) അഹ്മദാബാദാണ് ദുബൈയിൽ ഓഫ് കാമ്പസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) ഇക്കാര്യം സ്ഥിരീകരിച്ചു. 2025-26 അധ്യയന വർഷത്തിൽ ഐ.ഐ.എം.എ ഓഫ് കാമ്പസ് ദുബൈയിൽ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം. ഐ.ഐ.എം.എയുടെ ബിസിനസ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാം ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ 27ാം സ്ഥാനം നേടിയിട്ടുണ്ട്.
ബിസിനസ് മാനേജ്മെന്റിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളായ വിദ്യാർഥികൾക്ക് വലിയ അവസരമാണ് ഇതിലൂടെ ലഭിക്കുക. ഇന്ത്യയിലെ ഐ.ഐ.എം.എ കൂടാതെ ലബനാനിൽനിന്നുള്ള അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബൈറൂത് (എ.യു.ബി), സൗദി അറേബ്യയിൽ നിന്നുള്ള ഫക്കീഹ് കോളജ് ഫോർ മെഡിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങളും ദുബൈയിൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു.
ലോകത്തെ പ്രമുഖ യൂനിവേഴ്സിറ്റികൾ ദുബൈയിൽ കാമ്പസ് തുടങ്ങാനുള്ള ശക്തമായ താൽപര്യം അറിയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. അന്തിമ അംഗീകാരം പരിഗണനയിലാണെന്നും കെ.എച്ച്.ഡി.എ വ്യക്തമാക്കി. മികച്ച ആഗോള യൂനിവേഴ്സിറ്റികളെ ആകർഷിക്കാനുള്ള ദുബൈയുടെ സംരംഭത്തിന് എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകിയിരുന്നു.
എമിറേറ്റിന്റെ അന്താരാഷ്ട്ര നിലവാരം പ്രതിഫലിക്കുന്നതാണ് ഈ സംരംഭമെന്ന് കെ.എച്ച്.ഡി.എയിലെ സ്ട്രാറ്റജിക് ഡവലപ്മെന്റ് സെക്ടർ സി.ഇ.ഒ ഡോ. വാഫി ദാവൂദ് പറഞ്ഞു. നിലവിൽ ദുബൈയിൽ 41 സ്വകാര്യ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അതിൽ 37 എണ്ണം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സർവകലാശാലകളുടെ ബ്രാഞ്ച് കാമ്പസുകളാണ്. യൂനിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ ദുബൈ, യൂനിവേഴ്സിറ്റി ഓഫ് ബെർമിങ്ഹാം ദുബൈ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ആദ്യ 100ൽ വരുന്ന സ്ഥാപനങ്ങളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.