ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഇന്ന് എല്ലാ മേഖലകളിലും അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു. അടുത്ത അധ്യയന വർഷം തൊട്ട് മൂന്നാംക്ലാസ് മുതൽ എ.ഐ സിലബസിന്റെ ഭാഗമാക്കുമെന്നാണ് സി.ബി.എസ്.ഇയുടെ പ്രഖ്യാപനം. എ.ഐ വരുന്നതോടെ എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ കുറയുമെന്ന പ്രചാരണമുണ്ട്. എന്നാൽ എ.ഐ ഏറ്റവും അനുകൂലമായി ഉപയോഗിക്കുന്നതിലാണ് കാര്യം. അധ്യാപകരെ മാറ്റിനിർത്താതെ തന്നെ ക്ലാസ്മുറികളെ എ.ഐ എങ്ങനെ മാറ്റിയെടുക്കുന്നു എന്നതിനെ കുറിച്ചാണ് പരിശോധിക്കുന്നത്.
കാലങ്ങളായി പല വിദ്യാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയമാണ് മാത്തമാറ്റിക്സ്. എന്നാൽ എ.ഐ അധിഷ്ഠിത ഉപകരണങ്ങൾ വഴി അവർക്ക് പഠനത്തിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഒരുപരിധി വരെ കഴിയും. ഇന്ത്യയിലുടനീളമുള്ള സ്കൂളുകളിൽ ഇന്ന് എ.ഐ പിന്തുണയുള്ള ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് പാഠങ്ങളിലേക്ക് ആഴത്തിലുള്ള അറിവുകൾ നൽകാൻ വിദ്യാർഥികളെ സഹായിക്കുന്നു. ഇക്കാലത്ത് പല കമ്പനികളും പാഠപുസ്തകത്തിലുള്ള അറിവുകൾ മാത്രമല്ല അളക്കുന്നത്.
തൊഴിൽ അന്വേഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷിയെയും വിമർശനാത്മക ചിന്തകളെയും അവർ അളക്കും. അങ്ങനെയുള്ള പ്രഫഷനലുകളെയും അവർക്ക് ആവശ്യമുണ്ട്. വൈദഗ്ധ്യമുള്ള അധ്യാപകർ കുറവുള്ള പ്രദേശങ്ങളിൽ എ.ഐ ഉപയോഗിച്ചാൽ ആ വിടവ് നികത്താൻ സാധിക്കും. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൽസമയം ഉത്തരം നൽകാൻ എ.ഐയിൽ പ്രവർത്തിക്കുന്ന വിർച്വൽ അസിസ്റ്റന്റുകൾ സഹായിക്കുന്നു. അധ്യാപകരെ പൂർണമായും മാറ്റിനിർത്തിക്കൊണ്ടല്ല ഇതൊന്നും സാധ്യമാക്കുന്നത്.
ഗ്രേഡിങ്, ഷെഡ്യൂളിങ് തുടങ്ങിയ ഭരണപരമായ ജോലികൾ കൈകാര്യം ചെയ്യുന്നതിലും, പാഠ്യപദ്ധതി രൂപകൽപ്പന ഒപ്റ്റിമൈസ് ചെയ്യുന്നതിലും എ.ഐ അധ്യാപകർക്ക് വലിയ സഹായമാണ്. സ്കൂളുകൾക്കും സർവകലാശാലകൾക്കും എ.ഐ അധിഷ്ഠിത ഉൾക്കാഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അവരുടെ പ്രോഗ്രാമുകൾ തത്സമയം വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാനും സാധിക്കും.
എ.ഐ പുരോഗമിക്കുമ്പോൾ അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കൃത്യമായ വിശകലനം ആവശ്യമാണ്. വിദ്യാഭ്യാസത്തിൽ എ.ഐ കൊണ്ടുവരുന്ന ഏറ്റവും വലിയ മാറ്റം നമ്മൾ എങ്ങനെ പഠിപ്പിക്കുന്നു എന്നതിൽ മാത്രമല്ല, എന്തു പഠിപ്പിക്കുന്നു എന്നതിലും കൂടി ആണ്. ഓട്ടോമേഷൻ വ്യവസായങ്ങളെ പുനർനിർമിക്കുമ്പോൾ, വിമർശനാത്മക ചിന്ത, സർഗാത്മകത, പ്രശ്നപരിഹാരം തുടങ്ങിയ കഴിവുകൾ മുമ്പെന്നത്തേക്കാളും വിലപ്പെട്ടതായി മാറുകയാണ്. യന്ത്രങ്ങൾ വിദ്യാഭ്യാസം ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല വിദ്യാഭ്യാസത്തിന്റെ ഭാവി സങ്കീർണമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഓരോ പഠിതാവും അവരുടെ പൂർണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ എ.ഐ അധ്യാപകർക്ക് പകരം ക്ലാസ്മുറികളിൽ വ്യാപകമാവുകയല്ല, അവരെ പുതുക്കിപ്പണിയുകയാണ് ചെയ്യുന്നത്. അതിനാൽ അധ്യാപകർക്ക് എ.ഐ പരിജ്ഞാനം അത്യാന്താപേക്ഷിതമാകും. മറ്റ് ഏതൊരു സാങ്കേതിക വിദ്യയും പോലുള്ള ഒന്നാണ് എ.ഐയും. അസൈൻമെന്റുകൾ തയാറാക്കാനും സങ്കീർണമായ പ്രോജക്ടുകൾ എളുപ്പമാക്കാനും എ.ഐ അധ്യാപകരെ സഹായിക്കുന്നു.
ക്ലാസ് മുറികളിൽ അധ്യാപകർക്ക് കുട്ടികളുമായി ഉണ്ടാകുന്ന മാനസിക അടുപ്പം ഒരിക്കലും എ.ഐക്ക് വിദ്യാർഥികളുമായി ഉണ്ടാക്കാൻ സാധിക്കില്ല. അധ്യാപകർക്ക് അവരുടെ വിദ്യാർഥികളുടെ സാമൂഹിക പശ്ചാത്തലങ്ങളെ കുറിച്ച് കൃത്യമായ അവഗാഹമുണ്ടാകും. എന്നാൽ എ.ഐക്ക് ഇത് സാധിക്കില്ല. അതിനാൽ ക്ലാസ്മുറികളിൽ നിന്ന് അധ്യാപകരെ പൂർണമായി പുറത്താക്കി എ.ഐയെ പ്രതിഷ്ഠിക്കാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.