യുക്രെയ്ൻ മലയാളികളുടെ ഇഷ്ട വിദ്യാഭ്യാസ കേന്ദ്രമായതെങ്ങനെ..?

തിരുവനന്തപുരം: യുക്രെയ്നുമേൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ ഏറ്റവും കൂടുതൽ ആധിയുള്ള നാടുകളിലൊന്ന് കേരളമാണ്. മെഡിക്കൽ പഠനം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം തേടി മലയാളി വിദ്യാർഥികൾ പാലായനം ചെയ്യുന്ന ലോകത്തെ പ്രധാന വിദ്യാഭ്യാസ ഹബ്ബുകളിലൊന്നാണ് യുക്രെയ്ൻ എന്നതു തന്നെയാണ് ഇതിന്‍റെ കാരണങ്ങളിലൊന്ന്. ഓരോ വർഷവും യുക്രെയ്നിൽ മാത്രം പുതുതായി മെഡിക്കൽ പഠനം തേടിപ്പോകുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം ആയിരത്തിലധികമാണ്. നിലവിൽ യുക്രെയ്നിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണം അയ്യായിരത്തിലധികം വരുമെന്നാണ് ഏകദേശ കണക്ക്.

എന്തുകൊണ്ടാണ് ഇന്ത്യയിൽനിന്ന് വിശിഷ്യാ കേരളത്തിൽനിന്ന് ഇത്രയധികം വിദ്യാർഥികൾ മെഡിക്കൽ പഠനത്തിനായി യുക്രെയ്ൻ ഉൾപ്പെടെ രാജ്യങ്ങൾ തേടി വിദ്യാർഥികൾ രാജ്യാതിർത്തി കടക്കുന്നതെന്ന സംശയം വ്യാപകമാണ്. രണ്ട് പ്രധാന കാരണമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ മെഡിക്കൽ പഠനത്തിനുള്ള ഉയർന്ന ചെലവും സീറ്റുകളുടെ കുറവുമാണ് പ്രധാന കാരണമെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമാണ് രണ്ടാമത്തെ കാരണം.

മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ചെലവ്

കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ രണ്ട് ഫീസ് ഘടനയിലുള്ള സീറ്റുകളാണ് എം.ബി.ബി.എസ് പ്രവേശനത്തിന് ലഭ്യമായിട്ടുള്ളത്. 85 ശതമാനം സീറ്റിൽ നീറ്റ് മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനത്തിന് ആറേകാൽ ലക്ഷം മുതൽ ഏഴേകാൽ ലക്ഷം വരെയാണ് വാർഷിക ഫീസ്. ഇതിനു പുറമെ, ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ സ്പെഷൽ ഫീസിനത്തിലും ചെലവ് വരുന്നു. ഫലത്തിൽ അഞ്ചു വർഷം നീളുന്ന പഠനത്തിന് സ്വകാര്യ മെഡിക്കൽ കോളജിൽ 50 ലക്ഷം രൂപ വരെ ഒരു വിദ്യാർഥിക്ക് ചെലവ് വരുന്നു. 15 ശതമാനം വരുന്ന എൻ.ആർ.ഐ സീറ്റിൽ വാർഷിക ഫീസ് 20 ലക്ഷം രൂപയാണ്. ഈ വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ വരുന്ന ചെലവ് ഒരു കോടി രൂപക്ക് മുകളിലാണ്. എന്നാൽ, യുക്രെയ്നിൽ എം.ബി.ബി.എസ് പഠനത്തിന് ചേരുന്ന വിദ്യാർഥികൾക്ക് 25 മുതൽ 30 ലക്ഷം രൂപ വരെയാണ് ആകെ വരുന്ന ചെലവ്. വിദേശത്തെ സർവകലാശാലയിൽ പഠിക്കുന്നതുവഴിയുണ്ടാകുന്ന അക്കാദമിക്/ കരിയർ നേട്ടങ്ങളും യുക്രെയ്ൻ ഉൾപ്പെടെ രാജ്യങ്ങൾ മെഡിക്കൽ പഠനത്തിന് തെരഞ്ഞെടുക്കാൻ കാരണമാകുന്നു.

മെഡിക്കൽ പഠനത്തിനുള്ള സൗകര്യക്കുറവ്

ഇന്ത്യയിൽ ഈ വർഷം മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 16.14 ലക്ഷം പേരാണ്. ഇതിൽ 15.44 ലക്ഷം പേർ പരീക്ഷ എഴുതുകയും 8.7 ലക്ഷം പേർ യോഗ്യത നേടുകയും ചെയ്തു. ഇവർക്കായി രാജ്യത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ 605 കോളജ്/ സർവകലാശാലകളിലായി ആകെയുള്ളത് 90825 എം.ബി.ബി.എസ് സീറ്റുകളാണ്. 8.7 ലക്ഷം പേർയോഗ്യത നേടിയതിൽ 7.8 ലക്ഷം പേർക്കും സീറ്റില്ല. കേരളത്തിൽനിന്ന് കഴിഞ്ഞ വർഷം 116010 പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഇതിൽ 42099 പേരാണ് യോഗ്യത നേടി കേരള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. കേരളത്തിൽ 10 സർക്കാർ മെഡിക്കൽ കോളജുകളിലായി 1555ഉം 19 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 2350 ഉം ഉൾപ്പെടെ 3905 എം.ബി.ബി.എസ് സീറ്റാണുള്ളത്. കൽപിത സർവകലാശാല പദവിയിൽ പ്രവർത്തിക്കുന്ന കൊച്ചി അമൃത മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ് സീറ്റും ലഭ്യമാണ്. 2017 വരെ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 50 ശതമാനം സീറ്റിലേക്ക് സർക്കാറും അവശേഷിക്കുന്നവയിലേക്ക് മാനേജ്മെന്‍റുകളുമായിരുന്നു പ്രവേശനം നടത്തിയിരുന്നത്. എന്നാൽ, 2018 മുതൽ എൻ.ആർ.ഐ ഒഴികെ 85 ശതമാനം സീറ്റിൽ ഏകീകൃത ഫീസ് ഘടന നിലവിൽ വരികയും മുഴുവൻ സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണർ അലോട്ട് മെന്‍റ് നടത്തുന്ന രീതി നടപ്പാകുകയും ചെയ്തു. അങ്ങനെയാണ് മാനേജ്മെന്‍റ് ക്വോട്ട പ്രവേശനത്തിനുള്ള വഴി അടഞ്ഞത്. ഇതോടെ, കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും മെഡിക്കൽ പ്രവേശനം തേടിപ്പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന വന്നു. കേരളത്തിൽ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പുതിയ മെഡിക്കൽ കോളജ് നിലവിൽ വന്നിട്ട് അഞ്ച് വർഷത്തിലധികമായി. സഹകരണ മേഖലയിലായിരുന്ന പരിയാരം മെഡിക്കൽ കോളജ് മൂന്നു വർഷം മുമ്പ് സർക്കാർ ഏറ്റെടുത്തതാണ് ഒടുവിലത്തെ നടപടി. ഇടുക്കി, കാസർകോട്, കോന്നി, വയനാട് മെഡിക്കൽ കോളജുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥി പ്രവേശനത്തിനുള്ള സാഹചര്യം ഇതുവരെ ഒരുങ്ങിയിട്ടില്ല. ഇടുക്കിയിൽ ആദ്യ ബാച്ച് പ്രവേശനം നടന്നെങ്കിലും മതിയായ സൗകര്യമില്ലാത്തതു കാരണം അംഗീകാരം പുതുക്കി ലഭിച്ചില്ല. എന്നാൽ, തമിഴ്നാട്ടിൽ സർക്കാർ മേഖലയിൽ ഈ വർഷം മാത്രം പുതിയ മെഡിക്കൽ കോളജുകളിലൂടെ 1450 എം.ബി.ബി.എസ് സീറ്റുകളാണ് വർധിച്ചത്.

പഠനം എവിടെയെല്ലാം?

ഇന്ത്യൻ വിദ്യാർഥികൾ മെഡിക്കൽ പഠനത്തിന് പതിറ്റാണ്ടുകളായി ആശ്രയിച്ചുവരുന്ന രണ്ട് രാജ്യങ്ങൾ ചൈനയും റഷ്യയുമാണ്. ഇതിൽ പഴയ സോവിയറ്റ് യൂനിയ‍ന്‍റെ ഭാഗമായിരുന്ന പല രാജ്യങ്ങളിലേക്കും ഇപ്പോഴും വിദ്യാർഥികൾ മെഡിക്കൽ പഠനത്തിനായി പോകുന്നു. റഷ്യ, ചൈന എന്നിവക്കു പുറമെ യുക്രെയ്ൻ, ജോർജിയ എന്നീ രാജ്യങ്ങളാണ് വിദ്യാർഥികൾ ആദ്യം തെരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ തജികിസ്താൻ, കസാഖ്സ്താൻ, കിർഗിസ്താൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ, പോളണ്ട്, കരീബിയൻ രാജ്യങ്ങൾ, ബെലറൂസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും മലയാളി വിദ്യാർഥികൾ മെഡിക്കൽ പഠനത്തിനെത്തുന്നു. യുക്രെയ്ൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബായി മാറിയതോടെ യു.എസ്, യു.കെ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് വരെ വിദ്യാർഥികൾ സ്കോളർഷിപ്പോടെ ഇവിടെ പഠിക്കാനെത്തുന്നു. ഇവർക്കൊപ്പം പഠിക്കുന്നത് വഴിയുണ്ടാകുന്ന 'ഇന്‍റർനാഷനൽ എക്സ്പോഷറും' മെഡിക്കൽ വിദ്യാഭ്യാസത്തിന് മലയാളി വിദ്യാർഥികളെ ഇവിടേക്ക് പറക്കാൻ പ്രേരിപ്പിക്കുന്നു.

പല വിദ്യാർഥികളും എം.ബി.ബി.എസ് പഠനത്തിനു പുറമെ, മെഡിക്കൽ പി.ജി പഠനം കൂടി പൂർത്തിയാക്കിയാണ് മടങ്ങുന്നത്. ഒട്ടേറെ പേർ യുക്രെയ്നിൽ തന്നെ സ്ഥിര താമസമാക്കുന്നു. ഇതിനു പുറമെ മെഡിക്കൽ പഠനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാതെ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലേക്കോ ഗൾഫിലേക്കോ കുടിയേറുന്നവരും ഏറെയാണ്.

മെഡിക്കൽ പഠനം ആർക്കെല്ലാം?

വിദേശത്ത് മെഡിക്കൽ പഠനത്തിന് പോകുന്നവരും ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി യോഗ്യത നേടണമെന്നാണ് ദേശീയ മെഡിക്കൽ കമീഷൻ നിശ്ചയിച്ച യോഗ്യത. വിദേശത്ത് കോഴ്സ് പൂർത്തിയാക്കി വരുന്നവർ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) എഴുതി വിജയിച്ചാൽ മാത്രമേ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനും തുടർപഠനത്തിനും അനുമതി ലഭിക്കുകയുള്ളൂ. യുക്രെയ്നിലെ പല മെഡിക്കൽ സർവകലാശാലകളും ലോക റാങ്കിങ്ങിന്‍റെ പരിധിയിൽ വരുന്നവയാണ്. അതിനാൽ കേരളത്തിലെ ഉൾപ്പെടെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളെക്കാൾ ഗുണനിലവാരത്തിൽ ഏറെ മുന്നിൽ നിൽക്കുന്നവയാണ് ഇവയിൽ മിക്കതും.

എ.എ ബൊഗോമലറ്റ്സ്, വിനിറ്റ്സ, ഉഷ്ഹുറോദ്, ഒഡേസ, സുമി, ഖാർകീവ്, സപറോഷിയ തുടങ്ങിയ സർക്കാർ യൂനിവേഴ്സിറ്റികളിലാണ് മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും പ്രവേശനം നേടുന്നത്. കേരളത്തിലെ ഉൾപ്പെടെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് രോഗികൾ പോലും ഇല്ലാതിരിക്കുമ്പോഴാണ് യുക്രെയ്നിലെ ഉയർന്ന നിലവാരമുള്ള സർക്കാർ മെഡിക്കൽ കോളജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം തേടിപ്പോകുന്നത്. കേരളത്തിലെ ഒട്ടേറെ സർക്കാർ ആശുപത്രികളിലും മുൻനിര സ്വകാര്യ ആശുപത്രികളിലും യുക്രെയ്നിൽ നിന്നുൾപ്പെടെ മെഡിക്കൽ ബിരുദം നേടിയവർ ജോലി ചെയ്യുന്നുണ്ട്.

Tags:    
News Summary - How did Ukraine become a favorite educational center for Malayalees ..?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.