ഗ്രേസ് മാർക്കില്ലാതെ ഹയർസെക്കൻഡറി പരീക്ഷ വിജ്ഞാപനം

തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളും കായിക മേളകളും ശാസ്ത്രോത്സവവും ഈ വർഷം പുനരാരംഭിച്ചിട്ടും ഗ്രേസ് മാർക്ക് നൽകുന്നതിൽ തീരുമാനമില്ലാതെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വിജ്ഞാപനം. സർക്കാർ തീരുമാനമനുസരിച്ച് ഗ്രേസ് മാർക്ക് നൽകുന്നതായിരിക്കുമെന്നും ഇതുസംബന്ധിച്ച് പിന്നീട് സർക്കുലർ പുറപ്പെടുവിക്കുമെന്നുമാണ് പരീക്ഷ വിജ്ഞാപനത്തിൽ പറയുന്നത്.

കോവിഡ് കാരണം കലാകായിക മേളകൾ മുടങ്ങിയതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. 2020 വരെ ഗ്രേസ് മാർക്ക് നൽകിയിരുന്നു. ഗ്രേസ് മാർക്കിനുള്ള അർഹത സംബന്ധിച്ച വിവരങ്ങളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, ഈ വർഷം മുതൽ കലാ-കായിക മേളകൾ പുനരാരംഭിച്ചിട്ടും ഗ്രേസ് മാർക്ക് നൽകുന്നതിൽ സർക്കാർ തലത്തിൽ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പരീക്ഷ മാർക്കിനോടൊപ്പം ഗ്രേസ് മാർക്ക് ചേർത്തു നൽകുന്ന രീതി അവസാനിപ്പിക്കാനും ഇത് മാർക്ക് ലിസ്റ്റിൽ പ്രത്യേകമായി രേഖപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന രീതിയിൽ പരീക്ഷ മാന്വൽ ഭേദഗതി ചെയ്തിരുന്നു.

കലാ-കായിക-ശാസ്ത്രമേളകളിലെ മികവിന് പുറമെ, എൻ.സി.സി, എൻ.എസ്.എസ്, ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് (രാഷ്ട്രപതി അവാർഡ്, രാജ്യപുരസ്കാർ), സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, ബാലശാസ്ത്ര കോൺഗ്രസ്, സർഗോത്സവം ഉൾപ്പെടെയുള്ളവയിലെ പങ്കാളിത്തം ഉൾപ്പെടെയുള്ളവയിലും ഗ്രേസ് മാർക്ക് നൽകാറുണ്ട്. 2020ൽ 1,13,638 പേർക്ക് എസ്.എസ്.എൽ.സിക്കും 87,257 പേർക്ക് പ്ലസ് ടുവിനും ഗ്രേസ് മാർക്ക് നൽകിയിരുന്നു. 

Tags:    
News Summary - Higher Secondary Examination Notification without Grace Marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.