തിരുവനന്തപുരം: മെഡിക്കൽ, നിയമവിദ്യാഭ്യാസം ഒഴികെ ഉന്നത വിദ്യാഭ്യാസ മേഖലയാകെ ഉന്നത വിദ്യാഭ്യാസ കമീഷന് കീഴിലേക്ക്. മെഡിക്കൽ, നിയമവിദ്യാഭ്യാസം യഥാക്രമം നാഷനൽ മെഡിക്കൽ കമീഷൻ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവക്ക് കീഴിൽ തുടരും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏക നിയന്ത്രണ സംവിധാനമായി കമീഷന് കീഴിലുള്ള നാഷണൽ ഹയർ എജൂക്കേഷൻ റെഗുലേറ്ററി കൗൺസിൽ (എൻ.എച്ച്.ഇ.ആർ.സി) മാറും.
നിലവിൽ സർവകലാശാലകളുടെ അംഗീകാര-നിയന്ത്രണ സംവിധാനമായി യു.ജി.സിയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാര-നിയന്ത്രണ സംവിധാനമായി എ.ഐ.സി.ടി.ഇയുമാണ് പ്രവർത്തിക്കുന്നത്. അധ്യാപക വിദ്യാഭ്യാസത്തിന്‍റെ നിയന്ത്രണ സംവിധാനം എൻ.സി.ടി.ഇയുമാണ്. മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏക അക്രഡിറ്റേഷൻ സംവിധാനമായി നാഷനൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.സി) പ്രവർത്തിക്കും. നിലവിൽ നാഷനൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്), നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) എന്നീ സംവിധാനങ്ങൾക്ക് കീഴിലാണ് സ്ഥാപനങ്ങളുടെ മികവ് പരിശോധിച്ച് ഗ്രേഡിങ് നൽകുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികവിന്‍റെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കുന്ന ഏജൻസിയായിരിക്കും ഹയർ എജൂക്കേഷൻ ഗ്രാന്‍റ്സ് കൗൺസിൽ (എച്ച്.ഇ.ജി.സി). സ്കോളർഷിപ്പുകളുടെയും വികസന ഫണ്ടുകളുടെയും വിതരണം ഇതുവഴിയാകണമെന്നാണ് എൻ.ഇ.പി നിർദേശം.
ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പ്രതീക്ഷിത പഠന നേട്ടങ്ങൾ രൂപപ്പെടുത്തുന്ന സംവിധാനമായാണ് ജി.ഇ.സി പ്രവർത്തിക്കുക. ഉന്നത വിദ്യാഭ്യാസവുമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം സുഗമമാക്കാൻ, ജി.ഇ.സി ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യത ചട്ടക്കൂട് (എൻ.എച്ച്.ഇ.ക്യു.എഫ്) രൂപവത്കരിക്കണം. ഇത് ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടുമായി (എൻ.എസ്.ക്യു.എഫ്) സമന്വയിപ്പിക്കുകയും വേണം. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ), വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി.സി.ഐ), നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജൂക്കേഷൻ (എൻ.സി.ടി.ഇ), കൗൺസിൽ ഓഫ് ആർക്കിടെക്ചർ (സി.ഒ.എ), നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജൂക്കേഷൻ ആൻഡ് ട്രെയിനിങ് (എൻ.സി.വി.ഇ.ടി) തുടങ്ങിയ പ്രൊഫഷണൽ കൗൺസിലുകൾ ബന്ധപ്പെട്ട മേഖലയിലെ നിലവാരനിർണയ സംവിധാനങ്ങളായി പ്രവർത്തിക്കണമെന്നും എൻ.ഇ.പി വ്യവസ്ഥയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.