സ്കൂൾ അധ്യാപകരാകാൻ അഞ്ചുവർഷ സംയോജിത പി.ജി കോഴ്സ്

തിരുവനന്തപുരം: സ്കൂൾ അധ്യാപകരാകാൻ വിവിധ കോഴ്സുകൾ പൂർത്തിയാക്കുന്ന രീതിക്കുപകരം അഞ്ചുവർഷം ദൈർഘ്യമുള്ള ഇന്‍റഗ്രേറ്റഡ് പി.ജി കോഴ്സ് നടപ്പാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ. നിലവിൽ ഡി.എൽ.എഡ് (പഴയ ടി.ടി.സി), ബി.എഡ് കോഴ്സുകളാണ് സ്കൂൾ അധ്യാപകരാകാൻ പരിഗണിക്കുന്നത്.

ഇതിനുപകരം പ്ലസ് ടു യോഗ്യത നേടിയ ശേഷം അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ചു വർഷത്തെ സംയോജിത പി.ജി കോഴ്സ് വേണമെന്നാണ് ശിപാർശ. പ്രീ പ്രൈമറി മേഖലയിൽ താൽപര്യമുള്ളവർക്ക് ആ മേഖലയിലും പ്രൈമറി വിദ്യാഭ്യാസത്തിൽ താൽപര്യമുള്ളവർക്ക് അതിലും സെക്കൻഡറി മേഖലയിൽ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയിലും സ്പെഷലൈസേഷൻ ചെയ്യാവുന്ന രീതിയിൽ കോഴ്സ് രൂപകൽപന ചെയ്യണമെന്നാണ് ശിപാർശ.

ആദ്യ രണ്ടു വർഷം ഫൗണ്ടേഷൻ കോഴ്സും പിന്നീട്, സ്പെഷലൈസേഷൻ ഉൾപ്പെടെയുള്ള വിഷയമേഖലകളും ചേരുന്ന രീതിയിലുള്ള കോഴ്സാണ് കമ്മിറ്റി ശിപാർശ ചെയ്തത്.

അതേസമയം, ടീച്ചർ എജുക്കേഷൻ മേഖലയിലെ കേന്ദ്ര റെഗുലേറ്ററി സംവിധാനമായ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) മുന്നോട്ടുവെക്കാത്ത രീതിയിലുള്ള കോഴ്സിനാണ് ഖാദർ കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്.

രണ്ടുവർഷം ദൈർഘ്യമുള്ള ഡി.എൽ.എഡ്, ബി.എഡ് കോഴ്സുകൾക്കു പുറമെ, നാലു വർഷം ദൈർഘ്യത്തിൽ ബിരുദത്തോടൊപ്പം ബി.എഡ് പൂർത്തിയാക്കുന്ന കോഴ്സുമാണ് നിലവിലുള്ളത്. കമ്മിറ്റി ശിപാർശ ചെയ്യുന്ന കോഴ്സ് ഇടക്കുവെച്ച് നിർത്താനുള്ള (എക്സിറ്റ്) അവസരമുണ്ടാകില്ല. ജോലിയിൽ പ്രവേശിക്കും മുമ്പും ശേഷവുമുള്ള അധ്യാപക പരിശീലനങ്ങൾ സമഗ്ര മാറ്റത്തിന് വിധേയമാക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്യുന്നു.

സ്‌കൂൾ വിദ്യാഭ്യാസ ഘട്ടം മാതൃഭാഷയിലാകണം. ജ്ഞാന സമൂഹം സാർഥകമാകണമെങ്കിൽ ആർജിത വിവരങ്ങളെ കുട്ടികളുടെ ജീവിത പരിസരവുമായി ബന്ധിപ്പിച്ച് അറിവാക്കി മാറ്റാനുള്ള കഴിവുണ്ടാകണമെന്നും ഇതിന് ജീവിത പരിസരത്തെ വിനിമയ ഭാഷ നിർണായകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്‌കൂളുകളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടണം. ഹിന്ദി, അറബി, ഉർദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷ പഠനവും മെച്ചപ്പെടുത്തണം.

കുട്ടികളുടെ ആത്മവിശ്വാസം വളർത്താനും സ്വഭാവ രൂപവത്കരണത്തിനുമായി മെന്‍ററിങ് പദ്ധതി ശക്തിപ്പെടുത്തണം. നേതൃശേഷി വികസിപ്പിക്കാൻ സ്‌കൂൾ പാർലമെന്‍റുകളെ പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - Five years integrated PG course to become school teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.