എൻജിനീയറിങ്/മെഡിക്കൽ പ്രവേശനം; അപേക്ഷ സമർപ്പണം മാർച്ച് 20നകം

തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള (കീം) അപേക്ഷ സമർപ്പണം മാർച്ച് 20നകം ആരംഭിക്കും. പ്രോസ്പെക്ടസ് പരിഷ്കരണ ശിപാർശക്ക് സർക്കാർ അംഗീകാരം ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് അപേക്ഷ നടപടികൾ വൈകിയത്. പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗ തീരുമാനങ്ങൾക്ക് കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരം ലഭിച്ചു. ഇതു പ്രകാരം പരിഷ്കരിച്ച പ്രോസ്പെക്ടസിന്‍റെ കരട് അംഗീകാരത്തിനായി രണ്ടു ദിവസത്തിനകം പ്രവേശന പരീക്ഷ കമീഷണർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കും.

പ്രോസ്പെക്ടസിന് അംഗീകാരം നൽകി സർക്കാർ ഉത്തരവിറങ്ങിയാൽ അപേക്ഷ സമർപ്പണ നടപടികൾ ആരംഭിക്കും. ഈ നടപടികൾ മാർച്ച് 20നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരുങ്ങിയത് രണ്ടാഴ്ചയായിരിക്കും അപേക്ഷ സമർപ്പണത്തിന് അനുവദിക്കുക. ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ ഒരാഴ്ച കൂടി സമയം അനുവദിക്കും.

കേരളത്തിൽ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഇതോടൊപ്പം അപേക്ഷ സമർപ്പിക്കേണ്ടിവരും. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കുക. മാർച്ച് പത്ത് മുതൽ 24 വരെ അപേക്ഷ സമർപ്പണം നടത്തുന്ന രീതിയിലുള്ള ഷെഡ്യൂളിന് പ്രവേശന പരീക്ഷ കമീഷണറേറ്റ് രൂപം നൽകിയിരുന്നെങ്കിലും പ്രോസ്പെക്ടസ് പരിഷ്കരണത്തിനുള്ള അംഗീകാരം വൈകിയതോടെയാണ് നടപടികൾ നീണ്ടത്. മേയ് 17നാണ് എൻജിനീയറിങ് എൻട്രൻസ് നടത്തുന്നത്.   

Tags:    
News Summary - Engineering/Medical Admission; Application submission by March 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.