ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസ നിലവാരം വിലയിരുത്തിയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ(പി.ജി.ഐ) ചണ്ഡിഗഢും പഞ്ചാബ്,ഡൽഹിയും മുന്നിൽ. മുൻനിര സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ഏറ്റവും ഉയർന്ന ഗ്രേഡുകൾ നേടാൻ കേരളത്തിനായില്ല.
പഠനനിലവാരം, അടിസ്ഥാന സൗകര്യം, ഭരണ നിർവഹണം, അധ്യാപകരുടെ വിദ്യാഭ്യാസം, പരിശീലനം, തുല്യത എന്നിങ്ങനെ ആറ് മേഖലകൾ വിലയിരുത്തിയാണ് പി.ജി.ഐ തയാറാക്കിയിട്ടുള്ളത്. 1,000 പോയന്റിൽ 703 പോയന്റ് നേടിയ ചണ്ഡിഗഢ് ‘പ്രചേസ്ത-ഒന്ന്’ ഗ്രേഡ് സ്വന്തമാക്കിയാണ് ഏറ്റവും ഉയർന്ന സ്കോർ നേടിയത്.
641നും 700 ഇടയിൽ പോയന്റുള്ള പ്രചേസ്ത-രണ്ട് വിഭാഗത്തിൽ ആരും ഇടം പിടിച്ചില്ല. 581 മുതൽ 640 പോയന്റ് വരെയുള്ള പ്രചേസ്ത-മൂന്ന് വിഭാഗത്തിലാണ് കേരളം. പഞ്ചാബ്, ഡൽഹി, കേരളം ഗുജറാത്ത്, ഒഡിഷ, ഹരിയാന, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളാണ് പ്രചേസ്ത-മൂന്നിലുള്ളത്. ഇതിൽ മുൻനിരയിലുള്ള പഞ്ചാബ് (631.1), ഡൽഹി (623.7) പോയന്റുകൾ നേടി. കേരളത്തിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടുപോയന്റ് കുറഞ്ഞ് 594 പോയന്റാണ് ഇത്തവണ ലഭിച്ചത്.
അതേസമയം, ജില്ല അടിസ്ഥാനത്തിൽ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്ടിൽ (പി.ജി.ഐ-ഡി) രാജ്യത്തെ മുൻനിരയിലുള്ള 41 ജില്ലകളിൽ 13 എണ്ണം കേരളത്തിൽനിന്നാണ്. കേരളത്തിൽ കോഴിക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളും ഉത്തം-മൂന്ന് എന്ന വിഭാഗത്തിലാണ്. കേരളത്തിൽ മുന്നിൽ കൊല്ലമാണ്- 403 പോയന്റ്. എറണാകുളം 401 പോയന്റുമായി രണ്ടാമതും തിരുവനന്തപുരം 399 പോയന്റുമായി മൂന്നാമതുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.